മുത്തലാഖ് മുസ്ലിംസ്‌ത്രീകളെ കണ്ണീർ കുടിപ്പിക്കുന്ന പാതകം; സിവില്‍സ്വഭാവമുള്ള ഒരു പ്രശ്നത്തില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഇരട്ടത്താപ്പ് ; പ്രതികരണവുമായി കോടിയേരി

  • Post category:news
  • Reading time:1 min read
You are currently viewing മുത്തലാഖ് മുസ്ലിംസ്‌ത്രീകളെ കണ്ണീർ കുടിപ്പിക്കുന്ന പാതകം; സിവില്‍സ്വഭാവമുള്ള ഒരു പ്രശ്നത്തില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഇരട്ടത്താപ്പ് ; പ്രതികരണവുമായി കോടിയേരി

മുത്തലാഖ് വിഷയത്തില്‍ സി.പി.എമ്മിന് വ്യക്തമായ നയമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒറ്റയടിക്ക്‌ മൂന്നുപ്രാവശ്യം തലാഖ്‌ ചൊല്ലുന്ന മുസ്ലിം സമുദായത്തിലെ അനാചാരത്തോട്‌ അശേഷം യോജിപ്പില്ല. ഈ അനാചാരം മുസ്ലിംസ്‌ത്രീകളെ കണ്ണീർ കുടിപ്പിക്കുന്ന പാതകമാണ്‌. ഇത്‌ എത്രയും വേഗം പര്യവസാനിപ്പിക്കണമെന്നും കോടിയേരി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

വിവാഹബന്ധം വേർപെടുത്തുക എന്നത്‌ മുസ്ലിം പുരുഷനെ ജയിലിൽ അടയ്‌ക്കുന്ന ക്രിമിനൽ കുറ്റമായി ഇന്ത്യൻ ശിക്ഷാനിയമത്തിൽ രേഖപ്പെടുത്തുന്നതോടെ മുസ്ലിംസ്‌ത്രീയുടെ വിവാഹാവകാശം സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പാക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. വിവാഹവും വിവാഹമോചനവും ഹിന്ദു ഉൾപ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ തീർത്തും വ്യക്തിനിഷ്‌ഠവും സിവിൽസ്വഭാവം ഉള്ളതുമാണ്‌. എന്നിട്ടും സിവിൽസ്വഭാവമുള്ള ഒരു കാര്യത്തിൽ മുസ്ലിംസമുദായത്തിലെ ഒരാളെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടയ്‌ക്കുന്നത്‌ ഭരണക്രമത്തിലെ ഇരട്ടത്താപ്പാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മൂന്നുതവണ ലോക്സഭ പാസാക്കിയിട്ടും രാജ്യസഭയില്‍ പാസാകാതിരുന്ന ബില്‍ ഇത്തവണ രാജ്യസഭയെന്ന കടമ്പയും കടന്നിരിക്കുകയാണ്. കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റ് കടത്തിയത്. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ ജൂലൈ 30നാണ് രാജ്യസഭ പാസാക്കിയത്. എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങള്‍ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്.

0Shares