മുത്തലാഖ് നിയമം ക്രിമിനല്‍കുറ്റമാക്കിയത് പരിശോധിക്കാന്‍ സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്

  • Post category:news
  • Reading time:1 min read
You are currently viewing മുത്തലാഖ് നിയമം ക്രിമിനല്‍കുറ്റമാക്കിയത് പരിശോധിക്കാന്‍ സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്

മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിശോധിക്കും. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. മുത്തലാഖ് നിയമം ചോദ്യംചെയ്ത് ജംയിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനകൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി (മുത്തലാഖ്) വിവാഹബന്ധം പിരിയുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ ക്രിമിനല്‍ക്കുറ്റമാക്കേണ്ടതില്ലെന്നാണ് സമസ്തയുടെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് സമസ്തക്കായി കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുത്തലാഖ് ചൊല്ലി വിവാഹബന്ധം പിരിയുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി 2017 ഓഗസ്റ്റില്‍ സൈറാ ബാനു കേസില്‍ ഉത്തരവിട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ക്രിമിനല്‍കുറ്റമാക്കേണ്ടതില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. നിയമം പരിശോധിക്കണമെന്നുമുള്ള അദ്ദേഹത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേ സമയം മതപരമായ ആചാരത്തെ റദ്ദാക്കിയിട്ടും അത് തുടരുന്നുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. സ്ത്രീധനം പോലെ തന്നെ കുറ്റമല്ലേ അതെന്നും കോടതി ചോദിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് മുത്തലാഖ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കിയത്.

0Shares