മുഗു സര്‍വിസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത് തോന്നിയതു പോലെ, ഇടപാടുകാര്‍ പ്രക്ഷോഭത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing മുഗു സര്‍വിസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത് തോന്നിയതു പോലെ, ഇടപാടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കുമ്പള: ബി.ജെ.പിയുടെ നിയന്ത്രണത്തിലായിരുന്ന മുഗു സര്‍വിസ് സഹകണ ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാം തോന്നിയതുപോലെയെന്ന് നാട്ടുകാര്‍. പല ഇടപാടുകാരുടെ പേരിലും അവര്‍ അറിയാതെ ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. 50,000 രൂപ കടമെടുത്ത പലര്‍ക്കും ആറുലക്ഷം രൂപവരെ പലിശയ്ക്കു പലിശയുമായി അടക്കേണ്ട ദുരവസ്ഥയുണ്ട്. പലരും ജപ്തി ഭയന്ന് ലോണ്‍ അടച്ചെങ്കിലും അവര്‍ക്ക് പണമടച്ചതിന്റെ രസീതി പോലും  നല്‍കുന്നില്ല. 2007 ല്‍ കാര്‍ഷീക വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായപ്പോള്‍ ബി.ജെ.പി ബന്ധമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കളുടെയും കടം മാത്രമാണ് എഴുതിത്തള്ളിയത്. എന്നാല്‍ സാധാരണക്കാരായ കര്‍ഷകരുടെ കടം എഴുതിത്തള്ളിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ ബി.ജെ.പിയുടെ നിയന്ത്രണത്തിലായിരുന്ന ബാങ്ക് സ്വജനപക്ഷപാതം കാരണം സി.പി.എം എതിര്‍പിനെ തുടര്‍ന്ന് കേസ് കോടതിയിലെത്തിയിരുന്നു. 2000 ത്തോളം ഇടപാടുകാരുള്ള ബാങ്കില്‍ 140 പേര്‍ക്കാണ് വോട്ടവകാശം നല്‍കിയത്.

ഇതിനെ സി.പി.എം അടക്കമുള്ള സംഘടനകള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഭരണസമിതിയുടെ കാലാവധി തീരുന്നതിന് ആറുമാസം മുമ്പ് തന്നെ ഇലക്ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് ഭരണം കോടതി സ്റ്റേ ചെയ്തുവരികയാണ്. ഇപ്പോള്‍ കേസ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ് ഇരിക്കുന്നത്. ഈമാസം 24 ന് വിധി പറയാനിരിക്കുകയാണ്. ഇപ്പോള്‍ ബാങ്ക് 100 ഓളം പേര്‍ക്ക് ജപ്തി നോട്ടിസ് അയച്ചിരിക്കുകയാണ്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 52 ഓളം പരാതികളാണ് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പൊലിസിനും ഇടപാടുകാര്‍ അയച്ചത്. എന്നാല്‍ ഒരുപരാതിക്കും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇടപാടുകാര്‍ പറയുന്നു. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആഗസ്ത് 16നു ബാങ്കിലേക്ക് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്താനൊരുങ്ങുകയാണ്. 2007ലെ കാര്‍ഷിക ലോണ്‍ എഴുതിത്തള്ളിയവരുടെ ലിസ്റ്റ് അനുവദിക്കുക, പണമടച്ചവര്‍ക്ക് രസീതി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, ഇടപാട് തട്ടിപ്പുകള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികളായ ഇ.കെ മുഹമ്മദ്, കെ.പി.എം റഫീഖ്, സി മുഹമ്മദ് അബ്ദുല്ല, ലില്ലീ ഡിസൂസ, അയൂബ് ഉര്‍മി, മുഹമ്മദ് പാലത്തടുക്ക എന്നിവര്‍ അറിയിച്ചു.

0Shares