
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് കലോത്സവ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്താന്‍ സാധിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി എത്താത്തത് ഔദ്യോഗിക തിരക്ക് മൂലമാണ് എന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വിശദീകരിച്ചു.

രാവിലെ ഒൻപതോടെ വടക്കുംനാഥൻറെ മുന്നിൽ തിരുവാതിരയോടെയാണ് മേളയ്ക്ക് തുടക്കമായത്. 1000 കുട്ടികളാണ് തിരുവാതിര കളിച്ചത്. രാവിലെ 10 ന് ശേഷമാണ് മത്സര ഇനങ്ങൾ തുടങ്ങിയത് തേക്കിൻകാട് എക്സിബിഷൻ ഗ്രൌണ്ടിലെ പ്രധാനവേദിയിൽ നടക്കുന്ന മോഹിനിയാട്ടത്തോട് കൂടിയാണ് മത്സരങ്ങൾ തുടങ്ങുക. 24 വേദികളാണ് ആകെ ഉള്ളത്.
