മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണി മുഴക്കിയ വിജേഷ്‌കുമാറിനെതിരേ നേരത്തെയും കേസ്; യുവാവ് മാനസീക രോഗിയെന്ന് പോലിസ്

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണി മുഴക്കിയ വിജേഷ്‌കുമാറിനെതിരേ നേരത്തെയും കേസ്; യുവാവ് മാനസീക രോഗിയെന്ന് പോലിസ്

കാസര്‍കോട്: മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണി മുഴക്കിയ പയ്യന്നൂര്‍ ചെറുതാഴം സ്വദേശി വിജേഷ് കുമാര്‍ ബാലനെതി(29)രേ നേരത്തെ നിരവധി സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് ആര്‍.എസ്.എസ്് പ്രവര്‍ത്തകനായ വിജേഷിനെതിരേ കേസുള്ളത്. 2016 സെപ്തംബര്‍ 18 ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു അന്നു ഭീഷണിമുഴക്കിയത്. ഇയാളുടെ പേരില്‍ രണ്ട് ഫേസ്ബുക്ക് പേജുകള്‍ നിലവിലുണ്ട്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസമാണ് വിജേഷ് ഫോണില്‍ ഭീഷണിപ്പെടുത്തിയത്. സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണിമുഴക്കിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിജേഷ് ഉപയോഗിച്ച സിംകാര്‍ഡ് മറ്റൊരാളുടെ പേരിലാണെന്ന് കണ്ടെത്തുകയും ചെയ്തു.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിരുന്നു. സിം കാര്‍ഡിന്റെ ഉടമസ്ഥ ഒരു പെണ്‍കുട്ടിയായിരുന്നു. യുവതിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ നഷ്ടപ്പെട്ടു പോയ സിം കാര്‍ഡാണിതെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജേഷാണ് വിളിച്ചതെന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പ്രതിയുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നു കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ സി.ഐ ടി കെ രത്‌നകുമാറാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ത്രിപുര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തില്‍ ഹരം കയറിയാണു സി.പി.എം ഓഫീസിലേക്കു വിളിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. യുവാവിന് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായാണ് പൊലീസ് വാദം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന ഫേസ് ബുക്ക് പേജും സ്വന്തമായുണ്ട്. ഇന്‍ഫോസിസിലെ സോഫ്റ്റുവേര്‍ എഞ്ചിനിയര്‍ എന്നാണ് ഫേസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

0Shares