കാസര്‍കോട്: ഒരു മാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്തു. ജനപ്രതിനിധികള്‍ക്ക് സാലറിയില്ല. പകരം അലവന്‍സാണ് ഉള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ ഇങഉഞ എ ലേക്ക് അലവന്‍സ് നല്‍കാന്‍ വ്യാഴാഴ്ച്ച നടന്ന ഭരണ സമിതി യോഗം ഏകകണ്ഠമായി നിശ്ചയിച്ചു. കൂടാതെ ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് വിഹിതമായി ഒരു ലക്ഷം രൂപയും നല്‍കും.
ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനകള്‍, പ്രവാസി കൂട്ടായ്മകള്‍, ക്ഷേത്ര കമ്മിറ്റികള്‍, പളളി കമ്മിറ്റികള്‍, പ്രത്യേക കൂട്ടായ്മകള്‍, ജീവനക്കാര്‍ വഴി ഇതേ വരെ 13,0 3576 രൂപയും ശേഖരിച്ചു. ഇതില്‍ രണ്ടാം ഗഡുവായി 4,82975 രൂപ വെള്ളിയാഴ്ച്ച കാസറഗോഡ് നടക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ റവന്യൂ ഭവന വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനെ ഏല്‍പിക്കും. കൂടാതെ നാല് ലക്ഷം രൂപ കുടുംബശ്രീ വിഹിതമായി സി.ഡി.എസ് മുഖേന ജില്ലാ മിഷന്‍ വഴിയിലൂടെ നല്‍കിയിട്ടുണ്ട്. ബാലപഞ്ചായത്ത് വിഹിതമായി 25000 രൂപയും നല്‍കി.
പതിനഞ്ചുലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികള്‍ പ്രളയക്കെടുതിയുടെ ഘട്ടത്തില്‍ നേരിട്ട് സംഭരിച്ച് വയനാട്ടിലേക്ക് നല്‍കിയിരുന്നു. ഈ ദൗത്യത്തില്‍ കൂടുതല്‍ സുമനസുകള്‍ രംഗത്തു വരണമെന്ന് ഭരണസമിതി അഭ്യര്‍ത്ഥിച്ചു. ദുരന്തത്തെ അതിജീവിക്കാനായി നാടുമുഴുവന്‍ എല്ലാം മറന്ന് കൈകോര്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ രംഗത്ത് വരണം. ബേഡകത്തിന്റെ കാരണവര്‍ എന്ന് വിശേഷിപ്പിക്കുന്ന വലിയ പാറയിലെ വലിയ വീട്ടില്‍ കുഞമ്പുനായരുടെ ജന്മശതാബ്ദി ആദരചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വിഹിതമായിഅയ്യായിരം രൂപ ഏല്‍പിക്കുകയുണ്ടായി.
ചടങ്ങിനിടയില്‍ മൊട്ടമ്മല്‍ കുഞ്ഞിരാമന്‍ നായര്‍ വിഹിതം നല്‍കാന്‍ മുന്നോട്ടു വന്നു. നാഷണല്‍ ക്ലബ്ബ് തോര്‍ക്കുളം, കുണ്ടംകുഴി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍, കൊറത്തിക്കുണ്ട് ഭജന മന്ദിരം കമ്മിറ്റി എന്നിങ്ങനെ വിവിധ വിഭാഗം ആളുകള്‍ മുന്നോട്ട് വരികയുണ്ടായി. ഇനിയും ഈ ദൗത്യത്തില്‍ പങ്കാളിയാകാന്‍ അവസരം ഒരുക്കുകയാണ് ബേഡകം ഗ്രാമപഞ്ചായത്ത് അധികൃതര്‍.