
കോഴിക്കോട് : തലസ്ഥാന നഗരിയില്‍ ബി. ജെ. പി – സി. പി. എം അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടയില്‍ ഇന്നലെ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ‘കടക്കു പുറത്ത്’ എന്ന് പറഞ്ഞത് ഇപ്പോഴും വലിയ ചര്‍ച്ചയാണ്. ചാനലുകളും പത്രങ്ങളും മാത്രമല്ല, സോഷ്യല്‍ മീഡിയയും ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യുന്ന ഈ വിഷയം തന്നെയാണ് ഇന്നത്തെ ദിനപത്രങ്ങളിലെ പ്രധാന വാര്‍ത്തയും. ഈ വാര്‍ത്തയില്‍ തങ്ങളുടെ പ്രതിഷേധം വളരെയധികം കടുപ്പിച്ചത് മലയാള മനോരമയാണ്. മനോരമയ്ക്ക് ഇടത് ഭരണത്തോട് എപ്പോഴും പുലര്‍ത്തുന്ന വിരുദ്ധത എല്ലാവര്ക്കും അറിയാവുന്നതാണ്. ഇത്തവണയും മനോരമ പ്രതീക്ഷ തെറ്റിച്ചില്ല.
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം, കേന്ദ്ര സര്‍ക്കാര്‍ എല്‍. പി. ജിയുടെ സബ്സിഡി വെട്ടിക്കുറച്ചത്, തിരുവനന്തപുരത്തെ സംഘര്‍ഷം, തുടങ്ങി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞത് വരെയുള്ള നാല് വാര്‍ത്തകള്‍ക്ക് ഹെഡ് ലൈന്‍ ചെയ്യാന്‍ മനോരമ ‘കടക്ക് പുറത്ത്’ എന്ന വാക്കുകള്‍ ഉപയോഗിച്ചു. അതും നാല് വാര്‍ത്തകളും മുന്‍പേജില്‍ തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.
യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കടക്കു പുറത്ത് എന്ന് ആഞ്ജാപിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ അറിയിച്ചതു പ്രകാരമാണ് മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. തലസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടയില്‍ ചേരുന്ന നിര്‍ണ്ണായക യോഗത്തിന്റെ വിവരങ്ങളും ദൃശ്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി എത്തിയ മാധ്യമപ്രവര്‍ത്തകരോട് വളരെ മോശമായി പെരുമാറിയ മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിപ്രായപ്പെട്ടു.
ഇന്നലെ 9.30ന് മാസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍. എസ്. എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ. രാജഗോപാല്‍ എം. എല്‍. എ എന്നിവരായിരുന്നു ആദ്യമെത്തിയത്. ഇവരെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോളാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ബി. ജെ. പി നേതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് മാനേജരോട് കയര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്.
