മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച്; ക്രോണിന്‍ ഫോണിലും എസ്.എം.എസ് മുഖേനയും മിഷേലിനെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നു റിപോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച്; ക്രോണിന്‍ ഫോണിലും എസ്.എം.എസ് മുഖേനയും മിഷേലിനെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നു റിപോര്‍ട്ട്

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ (18) ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മിഷേലിന്റേത് മുങ്ങിമരണമാണ് സംഭവിച്ചതെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ജോര്‍ജ് ചെറിയാന്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു വ്യക്തമാണെന്നു ജോര്‍ജ് ചെറിയാന്‍ അറിയിച്ചു. മിഷേലും, സംഭവത്തില്‍ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകള്‍, ഫോണ്‍, സിംകാര്‍ഡ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇരുവരുടെയും ഫോണും, സിംകാര്‍ഡും വിശദ പരിശോധനയ്ക്കു തിരുവനന്തപുരം സി-ഡാകിന് അയച്ചു. മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലും എസ്.എം.എസ് മുഖേനയും മിഷേലിനെ മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി. പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹള്‍ജിയിലാണ് പോലീസ് കോടതിയില്‍ വിശദീകരണം നല്‍കിയത്. മാര്‍ച്ച് അഞ്ചിന് കാണാതായ സി.എ വിദ്യാര്‍ത്ഥിനിയായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് വേമ്പനാട്ടുകായലില്‍ കണ്ടെത്തുകയായിരുന്നു. മിഷേലിനെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് എറണാകുളം വനിതാ പോലീസ് സ്റ്റേഷന്‍, ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

0Shares