കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 50,000 രൂപയുടെ പാന്‍ മസാലകളും മറ്റ് ലഹരി വസ്തുക്കളും പിടികൂടി. പരിശോധനയില്‍ നാലുപേര്‍ അറസ്റ്റിലായി. കാസര്‍കോട് സുനാമി കോളനിയിലെ രാമാനന്ദ ചൗധരി (27), നെല്ലിക്കുന്ന് സ്വദേശി ഗോപാലകൃഷ്ണന്‍ (47), കൂഡ്ലു സ്വദേശി സുരേശന്‍ (40), മധൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (59) എന്നിവരാണ് പിടിയിലായത്. പുകയില വിരുദ്ധ ദിനത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക റെയ്ഡ്. കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ പത്തുമുതലാണ് പോലിസ് പലസ്ഥലങ്ങളിലായി കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടേ പൊതു സ്ഥലത്തുനിന്ന് പുകവലിച്ച പത്തുപേരെയും പിടികൂടി.
കര്‍ണ്ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് വന്‍തോതില്‍ നിരോധിത പുകയില വസ്തുക്കള്‍ എത്തുന്നതായി പോലിസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. മഞ്ചേശ്വരം ചെക്ക് പോസ്റ്റ വഴിയാണ് പ്രധാനമായും കടത്ത് വ്യാപകമായിരിക്കുന്നത്. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്നാണ് നിരോധിത പുകയില വസ്തുക്കള്‍ വന്‍തോതില്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. വേനല്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ സജീവമായതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് വന്‍തോതില്‍ നിരോധിത ലഹരി വസ്തുക്കള്‍ ഇപ്പോള്‍ എത്തുന്നത്. ഇത് തടയാനായി പ്രത്യേക സ്‌കോഡുകള്‍ രൂപികരിച്ച് പരിശോധന കര്‍ശനമാക്കാനാണ് ജില്ലാ പോലീസിന്റെ തീരുമാനം.
മിന്നല്‍ പരിശോധനയില്‍ പോലിസ് പിടികൂടിയത് അരലക്ഷം രൂപയുടെ ലഹരി ഉല്‍പന്നങ്ങള്‍; പുകയില വിരുദ്ധ ദിനത്തില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് പൊതുസ്ഥലത്തുവച്ച് പുകവലിച്ചവരും