
കാസര്‍കോട്: ഉദുമ: കെ. എസ്. ആര്‍. ടി. സി. മിന്നല്‍ബസിന്റെ വഴിമുടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് 5000 രൂപ പിഴ. കാസര്‍കോട്ടുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന മിന്നലിന്റെ മുന്‍പില്‍ തലശ്ശേരി പുന്നോല്‍ മുതല്‍ കുഞ്ഞിപ്പള്ളിവരെ കാറോടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി അഴീയൂര്‍ സ്വദേശി ഫൈസലിനാണ് മിന്നലിന്റെ വഴിമുടക്കാന്‍ ശ്രമിച്ച് പണി കിട്ടിയത്. പുന്നോലില്‍നിന്ന് ബസ്സിനെ മറികടന്ന കാര്‍ ഏറെ നേരം ബസ്സിനെ പോകാനനുവദിക്കാതെ സഞ്ചരിക്കുകയായിരുന്നു.

ഒടുവില്‍ യാത്രക്കാര്‍ തന്നെ ഡ്രൈവറോട് പരാതിപ്പെടാന്‍ പറഞ്ഞു. ഡ്രൈവര്‍ ജഗദീഷ് കോഴിക്കോട് സോണല്‍ ഓഫീസില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു. അവിടെനിന്ന് തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വടകര ചോമ്പാല പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം കഴിഞ്ഞാണ് കാര്‍ വിട്ടുകൊടുത്തത്. കെ. എസ്. ആര്‍. ടി. സിയുടെ വരുമാനനഷ്ടത്തിന്റെ പേരില്‍ അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.കെ. എസ്. ആര്‍. ടി. സി. മിന്നല്‍ സര്‍വീസില്‍ എന്ത് തടസ്സം നേരിട്ടാലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിപ്പോകളില്‍ എം. ഡി. രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ട്. അതുകൊണ്ട് തന്നെ പരാതിപ്പെടലും നടപടിയുമെല്ലാം മിന്നല്‍ വേഗത്തില്‍ ആയിരുന്നു.
