കാസര്‍കോട്: കഴിഞ്ഞദിവസം കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിസ്സഹായയായ ഒരു യുവതി വെളിപ്പെടുത്തിയ വിവരങ്ങള്‍ ഹൃദയഭേദകമായിരുന്നു. പോലീസുകാരെ കുറിച്ച് ഓര്‍ത്ത് നാം അഭിമാനിക്കുമ്പോള്‍ അപമാനഭാരം കൊണ്ട് ചിലപ്പോള്‍ തലകുനിക്കേണ്ടിയും വരുന്ന സന്ദര്‍ഭങ്ങള്‍…മാധ്യമ പ്രവര്‍ത്തര്‍ക്ക് മുന്നില്‍ ഉള്ളുരുകി സങ്കടം പറഞ്ഞ് സഹായാഭ്യര്‍ത്ഥന നടത്തിയ ആ പാവം യുവതിക്ക് നീതി ലഭിച്ചില്ലെങ്കില്‍ അത് പൊറുക്കാനാവാത്ത കുറ്റം തന്നെയായിരിക്കും. കൂട്ട് വ്യാപാരം നടത്തി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ കുടുംബത്തെ കബിളിപ്പിച്ചെന്നും പണം തിരിച്ച് ചോദിച്ചപ്പോള്‍ സ്വത്തിനും ജീവനും നേരെ ഭീഷണി ഉയര്‍ത്തി എന്നും ആരോപിച്ചാണ് കാസര്‍കോട് നഗരത്തിനടുത്ത മധൂര്‍ ചേനക്കോട്ടെ എം. അശോകന്റെ മകളും കെ.അജീഷിന്റെ ഭാര്യയുമായ പി.എ. ഹര്‍ഷ എന്ന വീട്ടമ്മയാണ് കണ്ണീരണിഞ്ഞ വാക്കുകളോടെ വാര്‍ത്താ ലേഖകര്‍ക്ക് മുന്നില്‍ താന്‍ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തിയത്. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസറാണ് തന്റെ കുടുംബത്തെ നിര്‍ദാക്ഷിണ്യം ദ്രോഹിച്ച് കൊണ്ടിരിക്കുന്നതെന്ന് ഹര്‍ഷ പറഞ്ഞു. കോഴിക്കച്ചവടം നടത്തുന്ന ഈ പോലീസുകാരന്റെ വ്യാപാര പങ്കാളിയും കോഴിവണ്ടിയുടെ ഡ്രൈവറുമായിരുന്നു ഹര്‍ഷയുടെ ഭര്‍ത്താവ് കെ.അജീഷ്. ശമ്പളമോ ലാഭ വിഹിതമോ നല്‍കാതെ പോലീസുകാരന്‍ ഒന്നര വര്‍ഷമായി ഈ കുടുംബത്തെ പറ്റിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ചോദിച്ചപ്പോള്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. രോഗിയായ തന്റെ അച്ഛന്റെ പേരില്‍ മധൂര്‍ ചേനക്കോട്ടുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ രേഖകള്‍ പോലീസുകാരന്‍ കൈവശപ്പെടുത്തി. അച്ഛനെ ഭീഷണിപ്പെടുത്തി പല രേഖകളിലും ഒപ്പ് വെപ്പിച്ചു. പ്രമാണം തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

പോലീസുകാരന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒന്നാം നിലയിലാണ് ഈ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. പോലീസുകാരന്റെ തെറ്റായ നടപടികള്‍ക്കും ദ്രോഹത്തിനും എതിരെ പല തവണ കൈക്കുഞ്ഞുമായി പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്ന് പൊട്ടി കരഞ്ഞുകൊണ്ട് ഹര്‍ഷ പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ അയാള്‍ പലതരത്തില്‍ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കയാണെന്നും വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്യുകയാണെന്നും ഹര്‍ഷ പറഞ്ഞു. വീട്ടിലേക്കുള്ള വെള്ളത്തിന്റെ മോട്ടോര്‍ കണക്ഷന്‍ മുറിച്ച് കളഞ്ഞു. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനും വിച്ഛേദിച്ചു. കിട്ടാനുള്ള പണവും അച്ഛന്റെ സ്ഥലത്തിന്റെ രേഖകളും തന്നാല്‍ മാത്രമെ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളൂവെന്ന് പറഞ്ഞപ്പോള്‍ പോലീസുകാരന്‍ തനിക്കെതിരെ കൊലവിളി നടത്തിയതായി ഹര്‍ഷ പറഞ്ഞു. തനിക്ക് വലിയ സ്വാധീനമുണ്ടെന്നും അതുകൊണ്ട് തന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് പോലീസുകാരന്‍ ഈ വീട്ടമ്മയെ വെല്ലുവിളിച്ച് കൊണ്ട് പറഞ്ഞത്. എസ്.പി അല്ല, മന്ത്രി വിചാരിച്ചാല്‍ പോലും തന്നെ തൊടാന്‍ പറ്റില്ലെന്നാണ് പോലീസുകാരന്റെ ഭാഷ്യം. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇന്നേവരെ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തി. തന്റെ കുടുംബം അനുഭവിക്കുന്ന ഈ ദുരിതത്തെ കുറിച്ച് ജില്ലാ പോലീസ് മേധാവി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. തന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും ജീവന് ഭീഷണി ഉണ്ടെന്നും നീതിക്ക് വേണ്ടിയുള്ള ഈ യാചനയില്‍ പൊതു സമൂഹം താങ്ങായി നില്‍ക്കണമെന്നും ഹര്‍ഷ തൊഴുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ പോലീസുകാരില്‍ ജീര്‍ണ്ണതയും പുഴുക്കുത്തും ബാധിച്ച ഒരു വിഭാഗം ഉണ്ടെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നത്. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും കാവലാളായി വര്‍ത്തിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള അധഃപതനം സമൂഹത്തെ എത്രമേല്‍ ദോഷകരമായി ബാധിക്കുന്നുവെന്ന് ഓര്‍ത്ത് നോക്കുക. സര്‍ക്കാര്‍ തരുന്ന ശമ്പളത്തിന് പുറമെ കോഴിക്കച്ചവടത്തിലൂടെ പണം സമ്പാദിക്കുന്ന, ചെളിക്കുണ്ടില്‍ ആണ്ട് നില്‍ക്കുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാനും നിലയ്ക്ക് നിര്‍ത്താനും എന്തുകൊണ്ട് മേലുദ്യോഗസ്ഥര്‍ക്കും ഉത്തരവാദപ്പെട്ടവര്‍ക്കും സാധിക്കുന്നില്ല..?