കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ഉറൂസിന് ഞായറാഴ്ച പുലര്‍ച്ചെയോടെ കൊടിയിറങ്ങും. ഞായറാഴ്ച രാവിലെ പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. ശനിയാഴ്ച രാത്രി നടക്കുന്ന സമാപന സമ്മേളനത്തില്‍ മദീനയില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. യഹ് യ തളങ്കര അധ്യക്ഷത വഹിക്കും. ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമല്ലുല്ലൈലി തങ്ങള്‍, മംഗളൂരു- കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ് മദ് മൗലവി, നീലേശ്വരം ഖാസി കെ. മഹ് മൂദ് മുസ്ലിയാര്‍, മാലിക് ദീനാര്‍ മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി, ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
ചെര്‍ക്കളം അബ്ദുല്ല, മുക്രി ഇബ്രാഹിം ഹാജി, കെ.എ.എം ബഷീര്‍ എന്നിവര്‍ സംബന്ധിക്കും. എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതവപം കെ.എം അബ്ദുര്‍ റഹ് മാന്‍ നന്ദിയും പറയും. മത പ്രഭാഷണത്തിന് ശേഷം മൗലീദ് പാരായണവും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌കാരാനന്തരം അന്നദാനം ആരംഭിക്കും. പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ 30 ദിവസം നീണ്ടുനിന്ന ഉറൂസ് പരിപാടികള്‍ക്ക് സമാപനമാകും.