മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളോ?; കോട്ടയം തിരുവാര്‍പ്പ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബി.ജെ.പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളോ?; കോട്ടയം തിരുവാര്‍പ്പ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബി.ജെ.പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു

കോട്ടയം: താഴെ തട്ടില്‍ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ സൂചന നല്‍കി കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ മൊര്‍കാട് ഒന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും പൊതു സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയിലെ ബി.ഡി.ജെ.എസ് രണ്ടാംസ്ഥാനത്ത് എത്തിയ വാര്‍ഡിലാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ എന്‍.ഡി.എ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത്.

അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇവിടെ എട്ടു വോട്ടിനാണ് ജയിച്ചത്. 400 വോട്ട് നേടിയ ബി.ഡി.ജെ.എസ് രണ്ടാം സ്ഥാനത്തെത്തി. 108 വോട്ടുമാത്രം നേടിയ കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വാര്‍ഡ് അടങ്ങുന്ന ബൂത്തില്‍ 190 വോട്ട് എന്‍.ഡി.എ നേടിയിരുന്നു. ഇവിടെയാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെപോലും നിര്‍ത്താതെ ബി.ജെ.പിയും ബി.ഡി.ജെ.എസും കോണ്‍ഗ്രസിന് ഏകപക്ഷിയമായി പിന്തുണ നല്‍കുന്നത്.

സി.പി.എമ്മിലെ രഞ്ജിനി സന്തോഷാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി. മായാ മുരളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി.എന്‍ വാസവന് ഇവിടത്തെ ബൂത്തില്‍ 188 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.

0Shares