മാപ്പിളപ്പാട്ട് ഗാനരചയിതാവ് പി.എം അഷ്റഫ് അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മാപ്പിളപ്പാട്ട് ഗാനരചയിതാവ് പി.എം അഷ്റഫ് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗാനരചയിതാവ് ബാങ്കോട് സ്വദേശി പി.എം അഷ്‌റഫ് (42) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നായന്മാര്‍ മൂലയിലെ വസതിയിലായിരുന്നു അന്ത്യം. താരാട്ട് പാട്ട്, മാപ്പിളപ്പാട്ട്, ആല്‍ബം തുടങ്ങി ആയിരത്തിലധികം ഗാനങ്ങള്‍ രചിച്ച അഷ്റഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാട്ട് എഴുതിയത് മാലിക് ദീനാര്‍ ഉറൂസിനു വേണ്ടിയാണ്. ദീനാറില്‍ ഇരുന്നു ഞാന്‍ കരഞ്ഞു… എന്ന ഗാനമാണ് ഉറൂസിനു വേണ്ടി അഷ്റഫ് രചിച്ചത്. ഈ പാട്ട് ഏറെ ജന ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും അഷറ്ഫിന്റെ പാട്ടുകള്‍ ഹിറ്റായിരുന്നു. ഏറെ ശ്രദ്ധേയമായ മക്കാ മദീന എന്നു തുടങ്ങുന്ന ഗാനമാണ് അഷ്റഫിനെ ഈ രംഗത്ത് പ്രശസ്തനാക്കിയത്. തായ്നേരി അഷ്റഫ് ആണ് ഈ പാട്ടിന് ഈണം നല്‍കിയത്. പിണറായിക്കു വേണ്ടി തിരഞ്ഞെടുപ്പ് ഗാനമെഴുതാന്‍ തലശ്ശേരിയിലേക്ക് വിളിപ്പിച്ച അഷ്റഫ് ഒരു മണിക്കൂര്‍ കൊണ്ട് ഗാനമെഴുതിക്കൊടുത്തതിനെ തുടര്‍ന്ന് അഷ്റഫിനെ ഉപഹാരങ്ങളും മറ്റും നല്‍കി തലശ്ശേരിയില്‍ വച്ച് ആദരിച്ചിരുന്നു. ഹൃദയവാള്‍വിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കുമ്പോള്‍ പോലും ഗാനരചനയില്‍ അഷ്റഫ് മുഴുകിയിരുന്നു. രചനയോടൊപ്പം മാപ്പിളപ്പാട്ട് ആലാപനത്തിനും അഷ്റഫ് കഴിവുതെളിയിച്ചിരുന്നു. നാടകങ്ങള്‍ക്കു വേണ്ടിയും അഷ്റഫ് ഗാനങ്ങളെഴുതിയിട്ടുണ്ട്. പെരുന്നാള്‍ സമ്മാനമെന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ രണ്ടാം ഭാഗം തയ്യാറായിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയിട്ടില്ല. നായന്മാര്‍മൂല അന്‍സാരി മന്‍സിലില്‍ പരേതനായ അബ്ദുല്ല ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ജമീല പൊവ്വല്‍, സഫിയ പന്നിപ്പാറ. മക്കള്‍: അന്‍സാരി, അലീമുദ്ദീന്‍, അഫ്രീന, റിസാന, അന്‍സിഫ, അസ്മിന, അനസ്, ഹനീഫ. സഹോദരങ്ങള്‍: റംല, സമീന.

0Shares