മാധ്യമ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം; കാസർകോട്ട് പ്രതിഷേധം ശക്തം

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം; കാസർകോട്ട് പ്രതിഷേധം ശക്തം

കാസർകോട്: മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും കാസർകോടിനൊരിടം അംഗവുമായ എം.വി സന്തോഷ്‌ കുമാറിനെ അകാരണമായി ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മാധ്യമ പ്രവർത്തകനായ എം.വി സന്തോഷ്‌ കുമാറിനെ അന്യായമായി പോലീസ് കസ്റ്റഡിയിൽ എടുത്തത്. കാസർകോട് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വീട്ടിൽ പോകണമെന്നും നഗരത്തിലെത്തിയ യുവാക്കളോട് പോലീസ് പറഞ്ഞതാണ് സംഭവത്തിന് തുടക്കം. നഗരം പെട്ടന്ന് ഉറങ്ങുന്നത് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം വിവിധ പരിപാടികളുമായി മുന്നോട്ട് പോകുമ്പോഴാണ് പോലീസിന്റെ ഭാഗത്തു നിന്നും ഈ രീതിയിലുള്ള സമീപനമെന്നാണ് നാട്ടുകാർ പറയുന്നത്.


സംഭവത്തിൽ കാസർകോടിനൊരിടം കൂട്ടായ്മ പ്രതിഷേധിച്ചു. കാസർകോട് നഗരം സജീവമാകുക എന്ന ലക്ഷ്യത്തിൽ സാംസ്കാരിക പരിപാടികൾ സംഘടിക്കുമ്പോൾ മുന്നിൽ ഉണ്ടാകുന്ന വ്യക്തിയെ തന്നെ രാത്രി നേരത്തെ വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു കസ്റ്റഡിയിൽ എടുത്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. സാംസ്കാരിക മാധ്യമ രംഗത്ത് സുപരിചിതനായ സന്തോഷിനോട് വരെ പോലീസ് ഈ രീതിയിൽ ആണ് സമീപിക്കുന്നതെങ്കിൽ സാധാരണ ജനങ്ങളോട് പോലീസ് ഏതു രീതിയിൽ പെരുമാറും എന്നതിൽ കാസർകോടിനൊരിടം ആശങ്ക പ്രകടിപ്പിച്ചു. രാത്രി കാലങ്ങളിൽ നഗരത്തിലെത്താൻ പോലീസിനെ ഭയപ്പെടേണ്ടി വരുന്ന അവസ്‌ഥ മാറേണ്ടിയിരിക്കുന്നു. ജനങ്ങൾക്ക് സമാധാനവും ധൈര്യവും നൽകേണ്ട വിഭാഗമാണ് പോലീസ്. അവരിൽ നിന്നും ഇത്തരം സമീപനങ്ങൾ ഉണ്ടാവുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ലന്നും കാസർകോടിനൊരിടം മുന്നറിയിപ്പ് നൽകി. പത്മനാഭൻ ബ്ലാത്തൂർ, സുബിൻ ജോസ്,ബാലകൃഷ്ണൻ, പ്രജിത് ഉലൂജി, കെപിഎസ് വിദ്യാനഗർ, അഹ്‌റാസ് അബൂബക്കർ, പ്രശോഭ് ബാലൻ, ശ്രീരാജ് ടി ആർ, റാഫി അഡൂർ, ശ്രീജിത് മഞ്ചക്കൽ, സഫ്‌വാൻ വിദ്യാനഗർ, അഖിൽ രാജ്, വിഷ്ണു പ്രസാദ്, അബ്ദുൽ റഷാദ് പിഎം, അജ്മൽ ഷാൻ, രാഹുൽ, കിരൺ ഇരിയണി, സുനിൽ മേലോത്ത്, വാസിൽ, അൻഷാദ്, പവീഷ് കുമാർ, സംബന്ധിച്ചു.

0Shares