
ദില്ലി: നിർത്താതെ കരയുകയായിരുന്ന കുഞ്ഞിനെ സഹികെട്ട് അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞത്. അമ്മയുടെ ഈ ക്രൂരത കാരണം ശിശു മരണത്തന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വിനോദ് നഗര്‍ സ്വദേശിയായ നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി വെള്ളിയാഴ്ച കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടരന്വേഷണത്തില്‍ നേഹ കുപ്പത്തൊട്ടിയിലേക്ക് എന്തോ വലിച്ചെറിയുന്നത് കണ്ടുവെന്ന ദൃക്സാക്ഷിയുടെ മൊഴിയാണ് യുവതിയിലേക്ക് സംശയം നീളാന്‍ ഇടയാക്കിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ പരുക്കുകളോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.