
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മാഡം ഒരു കെട്ടുകഥയല്ലെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്ത് ഉള്ളയാള്‍ തന്നെയാണ് ആ മാഡം. അവരെക്കുറിച്ച് വി.ഐ.പി പുറത്ത് പറഞ്ഞില്ലെങ്കില്‍ 16 ന് ശേഷം താന്‍ അക്കാര്യം പറയുമെന്നും സുനിയുടെ ഭീഷണി. ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ‘മാഡം’ കെട്ടുകഥയല്ലെന്ന് പള്‍സര്‍ ഒന്നുകൂടി വ്യക്തമാക്കിയത്. കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടത്. എന്നാല്‍ ‘മാഡം’ വെറും ഭാവനാസൃഷ്ടിയെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ പള്‍സര്‍ സുനി മനപൂര്‍വം ചെയ്തതാണ് ഇതെന്നും ദിലീപ് മാത്രമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് പോലീസ് വ്യക്തമാക്കിയത്.

അഭിഭാഷകനായ ഫെനി ബാലകൃഷ്ണനോട് മാഡത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതിലും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്നാണ് സുനിയുടെ മൊഴി. ഇനിയും വന്‍ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനി മുന്‍പും അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനി നേരത്തെ പ്രതികരിച്ചത്.
എന്നാല്‍ നേരത്തെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോയെന്ന് വി.ഐ.പിയോട് ചോദിക്കണമെന്നും അന്ന് സുനി പ്രതികരിച്ചിരുന്നു. മാഡം ആരാണെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നതിനേ തുടര്‍ന്ന് മുമ്പ് ദിലീപിന്റെ ഭാര്യ കാവ്യമാധവനെയും ഭാര്യാമാതാവ് ശ്യാമളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. മാഡം കെട്ടുകഥയല്ലെന്ന സുനിയുടെ വാദം അന്വേഷണ സംഘം പരിഗണിച്ചാല്‍ കേസില്‍ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.
