
കോഴിക്കോട്: മഹാബലിയെ അഹങ്കാരിയായി ചിത്രീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഓണാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഫേസ്ബുക്ക് പോസറ്റിലാണ് കുമ്മനം മാവേലിയെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ചത്. പോസ്റ്റിനു കീഴില്‍ നിരവധിയാളുകള്‍ പ്രതിഷേധ പൊങ്കാലയിട്ടു.’വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച ബലി ദേവേന്ദ്രന് സമനായി അനശ്വരനാവുകയായിരുന്നു.’ എന്നാണ് കുമ്മനം പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓണം വാമന ജയന്തിയായി ആഘോഷിക്കണമെന്ന നിലപാടായിരുന്നു സംഘപരിവാറുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെത്തുടര്‍ന്ന് നിലപാടില്‍ മലക്കം മറിയുകയായിരുന്നു ആര്‍.എസ്.എസ് നേതാക്കള്‍. ആര്‍.എസ്.എസ് മുഖപത്രമായ കേസരി കഴിഞ്ഞ ഓണത്തിനു വാമനന്റെ ചിത്രം കവര്‍പേജായി നല്‍കിയിരുന്നു. ഇതിനു പിന്നാലെ അമിത് ഷാ വാമനജയന്തി ആശംസിച്ച് രംഗത്തെത്തിയിരുന്നു. ഇത്തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാമന ജയന്തി ആശംസകളായിരുന്നു നേര്‍ന്നിരുന്നത്.
ഫേസ് ബുക്കിലെ പൂര്‍ണ രൂപം
കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗം മുന്‍പെങ്ങുമില്ലാത്ത വിധം തകര്‍ച്ചയെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത്. ഭീതിജനകമായ ഒരു സാമൂഹ്യ അന്തരീക്ഷത്തിലൂടെയാണ് നമ്മുടെ കേരളം ഇന്ന് സഞ്ചരിക്കുന്നത്. ഓണം മുന്നോട്ട് വെക്കുന്ന സന്ദേശത്തിന് വിപരീതദിശയിലേക്കാണ് ഈ യാത്ര. മതതീവ്രവാദവും രാഷ്ട്രീയ അസഹിഷ്ണുതയും കേരളത്തില്‍ കൊടികുത്തി വാഴുന്നു. എല്ലാവരേയും ഒന്നായി കാണേണ്ട ഭരണാധികാരികളാകട്ടെ ആസുരിക ഭാവത്തിന് വഴിപ്പെട്ട് ഉന്മൂലന രാഷ്ട്രീയം പ്രയോഗിക്കുന്നു. മതത്തിനൊപ്പം രാഷ്ട്രീയവും വിവേചനത്തിനുള്ള ഉപാധിയായി പ്രയോഗിക്കപ്പെടുന്നു.
അഹങ്കാരവും താന്‍പോരിമയും ഭരണാധികാരികളുടെ മുഖമുദ്രയായി മാറി. ഞാന്‍ മാത്രമാണ് ശരിയെന്ന ചിന്തയില്‍ എല്ലാവരേയും ശരിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറ വിട്ട് അരങ്ങത്തേക്ക് പ്രവേശിച്ചിരിക്കുന്നു. അന്നവും മണ്ണും വെള്ളവും സാധാരണക്കാരന് അന്യമാക്കി അത് മാഫിയകള്‍ക്ക് തീറെഴുതുന്നതില്‍ ഭരണാധികാരികള്‍ മത്സരിക്കുകയാണ്. വിദ്യാഭ്യാസം അവകാശമായ ഒരു നാട്ടില്‍ പക്ഷേ സാധാരണക്കാരന്റെ മക്കള്‍ കിടപ്പാടം പണയപ്പെടുത്തി പ്രവേശനം തരപ്പെടുത്തേണ്ട ഗതികേടിലാണ്. ഒരു തരി മണ്ണുപോലുമില്ലാതെ ആയിരക്കണക്കിന് ആള്‍ക്കാര്‍ തെരുവിലലയുമ്പോള്‍ ഭൂമാഫിയകള്‍ ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലം കയ്യടക്കി വെച്ച് നിയമത്തെ വെല്ലുവിളിക്കുന്നു. മികച്ചതെന്ന് മേനി നടിക്കുന്ന ഒരു നാട്ടിലാണ് ഇതൊക്കെ സംഭവിക്കുന്നത്.
അവിടെയാണ് മാവേലി നാടിന്റെ പ്രസക്തി. എല്ലാവരെയും ഒരു പോലെ കണ്ട് നീതി നടപ്പാക്കിയ മഹാബലിയെ എക്കാലത്തെയും ഭരണാധികാരികള്‍ മാതൃക ആക്കേണ്ടതാണ്. പ്രജാക്ഷേമ തത്പരനായ അദ്ദേഹം വാമനാവതാരത്തിന് മുന്നില്‍ സ്വയം അര്‍പ്പിച്ച് സായൂജ്യം നേടി. വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച ബലി ദേവേന്ദ്രന് സമനായി അനശ്വരനാവുകയായിരുന്നു.
സാമൂഹ്യ നീതിയും സമത്വവും തുല്യാവസരങ്ങളും നിഷേധിക്കപ്പെടുകയും മുതലാളിത്തത്തിന്റെ ദുഷ്പ്രവണതകള്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്വയം സമര്‍പ്പിതമായ മഹാബലിയുടെ ത്യാഗോജ്ജലമായ ഭരണനാളുകള്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് പ്രചോദനവും പ്രേരണയുമാകട്ടെ. അന്നം, വെള്ളം, മണ്ണ്, തൊഴില്‍, കിടപ്പാടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ജനതയ്ക്ക് വീണ്ടും മുന്നേറാനുള്ള വീറും ശക്തിയും തിരുവോണം പ്രദാനം ചെയ്യട്ടെ.
എല്ലാ മലയാളികള്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ തിരുവോണാശംസകള്‍