മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈ രണ്ടാം ചരമ വാര്‍ഷീകദിനം ഇന്ന്, കേരള കര്‍ണാടക സര്‍ക്കാര്‍ കവി സ്മാരക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈ രണ്ടാം ചരമ വാര്‍ഷീകദിനം ഇന്ന്,  കേരള കര്‍ണാടക സര്‍ക്കാര്‍ കവി സ്മാരക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു

കാസര്‍കോട്: സ്വാതന്ത്യ്രസമര സേനാനിയും കന്നഡ മഹാകവിയുമായ കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ രണ്ടാം ചരമ വാര്‍ഷീകദിനമാണ് ഇന്ന്. 2015 ആഗസ്ത് 9 ന് ബദിയഡുക്ക പെര്‍ഡാലയിലെ സ്വന്തം വീടായ കവി കുടീരയിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒരുവര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കന്നഡ കവികളിലൊരാളയിരുന്നു. നിരവധി മലയാള കൃതികള്‍ ഇദ്ദേഹം കന്നഡയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തുളു, മലയാളം, കന്നഡ ഭാഷകളുടെ ഏകോപനത്തിന് വലിയ സംഭാവനകള്‍ നല്‍കിയിയിരുന്നു. കവിയുടെ സ്മരണയ്ക്കായി കേരള കര്‍ണാടക സര്‍ക്കാരുകള്‍ ചേര്‍ന്ന് ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയൊരുക്കുന്നു. പദ്ധതിയുടെ ആദ്യപടിയായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപ ഇതിനായി അനുവദിച്ചുകഴിഞ്ഞു. കവിയുടെ ബന്ധക്കള്‍ സ്മാരകത്തിനായ് 42 സെന്റ് ഭൂമി ജില്ലാ പഞ്ചായത്തിനായ് വിട്ടുനല്‍കി കഴിഞ്ഞു. രണ്ടുമാസത്തിനകം കൂടുതല്‍ തുക ഇരുസര്‍ക്കാരുകളും അനുവദിക്കുന്നതോടെ സ്മാരക നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്തംഗം ഹര്‍ഷാദ് വോര്‍ക്കാടി ചാനല്‍ ആര്‍.ബി ഡോട്ട്‌കോമിനോട് പറഞ്ഞു. നേരത്തെ ബദിയടുക്ക പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ലൈബ്രറിയെ കൂടുതല്‍ നവികരിച്ച് കൊണ്ട്  കൈയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരില്‍ നാമകരണം ചെയ്തിരുന്നു. മഹാകവിയുടെ സ്മരണ നില നിര്‍ത്തുന്നതൊടൊപ്പം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കിഞ്ഞണ്ണ റൈയോടുള്ള ആദര സൂചകമായിട്ടാണ് ലൈബ്രറിക്ക് കവിയുടെ പേര് നല്‍കിയത്.

1915 ജൂണ്‍ എട്ടിന് കാസര്‍കോട് ജില്ലയിലെ ബദിയഡുക്ക പെര്‍ഡാലയില്‍ ദുക്ഷപ്പ റൈയുടെയും ദെയ്യക്കെയുടെയും മകനായാണു ജനനം. പ്രാഥമിക വിദ്യാഭ്യാസം മഹാരാജ സംസ്‌കൃത കന്നഡ മീഡിയം സ്‌കൂളിലായിരുന്നു. ചെറുപ്പം മുതലേ സംസ്‌കൃതത്തിലും കവിതയിലും ആകൃഷ്ടനായ കിഞ്ഞണ്ണ റൈ പന്ത്രണ്ടാം വയസില്‍ തന്റെ ആദ്യ കാവ്യസമാഹാരമായ ഭസുശീല’ കന്നഡയില്‍ പുറത്തിറക്കി. കന്നഡ ഭാഷയില്‍ ബിരുദം നേടിയ ഇദ്ദേഹം തുടര്‍ന്ന് എംഎ സംസ്‌കൃത വിദ്വാന്‍ ബിരുദ പഠനത്തിനുശേഷം അധ്യാപക ജീവിതം തുടങ്ങി. മംഗളൂരുവില്‍ പത്രപ്രവര്‍ത്തനം നടത്തവേ ഗാന്ധിജിയുടെ സത്യഗ്രഹസമര പരിപാടിയില്‍ ആകൃഷ്ടനായി ദേശീയ പ്രസ്ഥാനത്തിലേക്ക് വന്നു. ബ്രിട്ടീഷുകാര്‍ക്കെതിരേ ശക്തമായ ചെറുത്തുനില്‍പ്പുസമരം നടന്ന ദക്ഷിണ കാനറ ജില്ലയിലെ മംഗളൂരു കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. 1941 ല്‍ മംഗളൂരുവിലുണ്ടായ സാമുദായിക കലാപം അവസാനിപ്പിക്കുന്നതില്‍ ഇദ്ദേഹം നടത്തിയ ശ്രമം സ്തുത്യര്‍ഹമായിരുന്നുപെര്‍ഡാല നവജീവന്‍ സ്‌കൂളില്‍ അധ്യാപകനായ അദ്ദേഹത്തിനു 1969ല്‍ രാഷ്ട്രപതി വി.വി.ഗിരിയില്‍ നിന്നു അധ്യാപക അവാര്‍ഡ് ലഭിച്ചു. 1970ല്‍ മികച്ച അധ്യാപകനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡ്, 1983ല്‍ കാഞ്ഞങ്ങാട് നടന്ന സ്വാതന്ത്ര്യസമരസേനാനികളുടെ യോഗത്തില്‍ മന്ത്രി എന്‍.കെ.ബാലകൃഷ്ണനില്‍ നിന്നു സ്വതന്ത്ര യോദ്ധാവ് പുരസ്‌ക്കാരം, 1985ല്‍ കര്‍ണാടക രാജ്യോത്സവ പുരസ്‌ക്കാരം എന്നിവയ്ക്കു പുറമെ കവിതയ്ക്ക് കര്‍ണാടക, മദ്രാസ്, മൈസൂരു സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. ഹംബി, മംഗളൂരു സര്‍വകലാശാലകള്‍ ഡോക്ടറേറ്റും നല്‍കി ആദരിച്ചു. 16 വര്‍ഷം ബദിയഡുക്ക പഞ്ചായത്തു പ്രസിഡന്റായിരുന്നു. ജന്മദിനത്തില്‍ ബദിയടുക്ക കളയയിലെ കവിതകുടീരത്തില്‍ മന്ത്രി ഉമാശ്രീ കവിക്ക് കര്‍ണാടക സര്‍ക്കാരിന്റെ പരമോന്നത പുരസ്‌ക്കാരമായ പംപ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.

0Shares