
വീടും സ്വത്തുക്കളും നഷ്ടപ്പെട്ട പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ വേദനയോടെ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് തങ്ങളുടെ വിലപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും അടക്കം നശിച്ചുപോയിയെന്ന്. എന്നാല്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞ് കുതിര്‍ന്ന നിലയില്‍ തിരികെ ലഭിച്ചാല്‍ അവ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുംവിധം തൃപ്പൂണിത്തുറ ഹില്‍പ്പാലസ് ഒരുങ്ങിക്കഴിഞ്ഞു.
ഒറ്റക്കാര്യം മാത്രം ശ്രദ്ധിക്കുക. നനഞ്ഞ് കുതിര്‍ന്ന സര്‍ട്ടിഫിക്കറ്റുകള്‍ മടക്കാനോ തുറക്കാനോ ശ്രമിക്കരുത്. വെയിലത്തോ അടുപ്പിനരികിലോ ഉണക്കാനോ ശ്രമിക്കരുത്. ഹില്‍പ്പാലസിലെ സംസ്ഥാന പൈതൃക പഠന കേന്ദ്രം പുരാവസ്തു വകുപ്പിന്‍റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരും.
ബെന്നറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രൊഫസറായ നിതിന്‍ കല്ലോരത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശ്രദ്ധിക്കുക*
ഒരു പാട് പേരുടെ വിലപ്പെട്ട രേഖകൾ പ്രളയത്തിൽ നനഞ്ഞ് കുതിർന്നതായി വാർത്തകളിൽ കാണുന്നു.
ഇവ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചു വേണം. ഇവ മടക്കാനോ തുറക്കാനോ ശ്രമിച്ചാൽ കീറിപ്പോകും. വെയിലത്ത് ഉണക്കുന്നതും അടുപ്പിനടുത്ത് വെക്കുന്നതും നല്ലതല്ല. പൊടിഞ്ഞു പോകാനോ അക്ഷരങ്ങൾ മാഞ്ഞു പോകാനോ സാധ്യതയുണ്ട്.
പിന്നെ എന്തു ചെയ്യും?
വിഷമിക്കേണ്ട; സംസ്ഥാന പൈതൃക പഠനകേന്ദ്രം നിങ്ങളുടെ സഹായത്തിനുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്‍റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരും.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:
നനഞ്ഞ് കുതിർന്ന രേഖകൾ യാതൊന്നും ചെയ്യാതെ അതേ അവസ്ഥയിൽ വൃത്തിയുള്ള തുണിയിലോ കടലാസിലോ പൊതിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രത്തിലോ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലോ എത്തിക്കുക.
എപ്പോൾ എത്തിക്കണം?
ഈ മാസം (ആഗസ്ത് 2019) 18 മുതൽ 27 വരെ രാവിലെ 10 മണി മുതൽ വൈകു.3.30 വരെ അവിടെ രേഖകൾ സ്വീകരിക്കും.
കോൺടാക്റ്റ് നമ്പർ ഉണ്ടോ?
ഉണ്ടല്ലോ. പ്രവൃത്തി സമയങ്ങളിൽ വിളിച്ചോളൂ…
Phone:0495-2384382
0484-2776374
