കാസര്‍കോട്: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും മരിച്ച സംഭവം ഒരു നാടിനെ തന്നെ തീരാ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം ബന്തിയോട് മള്ളങ്കൈയില്‍ നടന്ന വാഹനാപകടത്തില്‍ സുലൈഖ (60), മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്. മരിച്ച സുലൈഖയുടെ മകന്‍ ഹൈദറിന്റെ ഭാര്യ ഹന, ഹൈദറിന്റെ സഹോദരന്‍ അഷ്റഫിന്റെ മകള്‍ ഫാത്വിമ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. കുമ്പളയില്‍ കുത്തേറ്റു യുവാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴി ബന്തിയോട് മള്ളങ്കൈയില്‍ വെച്ച് ജില്ലാ സഹകരണ ആശുപത്രിയുടെ ആംബുലന്‍സും സുലൈഖയും കുടുംബവും സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പെട്ടവരെ നാട്ടുകാരാണ് കാറില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റവരെയെല്ലാം ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും സുലൈഖയും, മുഫീദയും മരണത്തിന് കീഴടങ്ങുകയായിരുന്നു. സുലൈഖയുടെ ഭര്‍ത്താവ്: യൂസഫ് ഹാജി, മറ്റു മക്കള്‍: അഷ്റഫ്, ഹംസ, കുബ്റ, ബുഷ്റ. സുലൈഖയുടെ മകള്‍ പരേതയായ കുബ്റ – മുഹമ്മദ് കുഞ്ഞി ദമ്പതികളുടെ മകളാണ് മരിച്ച മറിയം മുഫീദ. മംഗ്‌ളൂരു യേനപ്പോയ സ്‌കൂളിലെ പി.യു.സി വിദ്യാര്‍ത്ഥിനിയാണ്.