
ബന്തടുക്ക (കാസർകോട്): മലയോരത്ത് ലക്ഷങ്ങളുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ സൂത്രധാരനായ ബന്തടുക്ക, മാനടുക്കയിലെ അരുൺ അരവിന്ദൻ മുംബെയിൽ അറസ്റ്റിൽ. രാജപുരം എസ്.ഐ കെ.കൃഷ്ണന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം മുംബെയിൽ എത്തിയാണ് പ്രതിയെ അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.ഇയാള്‍ കേരള, കർണാടക , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഓൺലൈൻ വഴി വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

യുവതികളെ കബളിപ്പിച്ച് ക്രഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ മാസം 13 ന് ഇയാളെ മുംബൈ, കുർള വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിസ തട്ടിപ്പ് കേസിലും പ്രതിയാണെന്ന് വ്യക്തമായത്. 2017 മെയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 70 പേരിൽ നിന്നായി ഖത്തർ വിസ വാഗ്‌ദാനം ചെയ്ത് 67,50,000 രൂപ തട്ടിയെടുത്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വിസ ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതി നൽകിയത്. കേസിലെ രണ്ടാംപ്രതി കോളിച്ചാൽ, പുല്ലുമലയിൽ സത്യനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
