മലയാള ചെറുകഥയില്‍ ഭാവുകത്വ പരിണാമങ്ങള്‍ വരുത്തിയ അഷിത ഓര്‍മയാകുമ്പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing മലയാള ചെറുകഥയില്‍ ഭാവുകത്വ പരിണാമങ്ങള്‍ വരുത്തിയ അഷിത ഓര്‍മയാകുമ്പോള്‍

തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രമുഖ എഴുത്തുകാരിയും പരിഭാഷകയുമായ പി.കെ. അഷിത അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ച അഷിത ഡല്‍ഹിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ്‌ കോളജിൽനിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.

മാതൃഭൂമി, ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നടത്തിയ കഥാമത്സരങ്ങളില്‍ സമ്മാനാര്‍ഹയായിട്ടുണ്ട്.
വിസ്മയചിഹ്നങ്ങള്‍ എന്ന കഥാസമാഹാരം 1987-ല്‍ പ്രസിദ്ധീകരിച്ചു. ആധുനികജീവിതത്തില്‍ സംഘര്‍ഷത്തിന്‍റെ നെരിപ്പോടായി മാറുന്ന സ്ത്രീത്വത്തിന്‍റെ വിങ്ങിപ്പൊട്ടലുകള്‍ മിക്ക കഥകളിലും കേള്‍ക്കാം.

മലയാള സാഹിത്യത്തിലെ അധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയായിരുന്നു അഷിത. കവയിത്രികൂടിയായിരുന്ന അഷിത, അക്‌സാണ്ടര്‍ പുഷ്‌കിന്‍റെ കവിതകള്‍ അടക്കമുള്ള റഷ്യന്‍ കവിതകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.

അഭിമുഖങ്ങള്‍ക്ക് തലവെച്ചുകൊടുക്കാതെ, കോള്‍ഗേറ്റ് മന്ദഹാസവുമായി ക്യാമറകള്‍ക്ക് മുന്നില്‍ പെടാതെ, നിരര്‍ത്ഥകമായ സാഹിത്യചര്‍ച്ചകള്‍ക്ക് ചെവികൊടുക്കാതെ അവര്‍ നമുക്കിടയില്‍ ജീവിച്ചു.

രചനകൾ
—————
– വിസ്മയചിഹ്നങ്ങൾ
– അപൂർണ്ണ വിരാമങ്ങൾ
– അഷിതയുടെ കഥകൾ
– മഴമേഘങ്ങൾ
– തഥാഗത
– അലക്സാണ്ടർ പുഷ്കിന്‍റെ കവിതകളുടെ മലയാളതർജ്ജമ
– മീര പാടുന്നു (കവിതകൾ)
– വിഷ്ണു സഹസ്രനാമം – ലളിത വ്യാഖ്യാനം (ആത്മീയം)
– ശിവേന സഹനർത്തനം – വചനം കവിതകൾ
– രാമായണം കുട്ടികൾക്ക് (ആത്മീയം)

0Shares