കോഴിക്കോട്: കേരളത്തിന്റെ കലാ സാഹിത്യ സാംസ്‌കാരിക ഭൂമികയെ തന്റെ മഹദ് സൃഷ്ടികളാല്‍ സമ്പന്നമാക്കിയ മലയാണ്മയുടെ സ്വന്തം വിശ്വ സാഹിത്യകാരനായ പത്മഭൂഷണ്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പ്രഥമ ‘ദേശാഭിമാനി’ പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കുന്നു. കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. നടന്‍ പത്മശ്രീ മമ്മൂട്ടി മുഖ്യാതിഥിയാവും. സാമൂഹിക സാഹിത്യ ചലച്ചിത്ര മണ്ഡലങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിവിധ തുറകളിലുള്ള നിരവധി പ്രശസ്ത വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. പുരസ്‌കാര ചടങ്ങിന് മുന്നോടിയായി കോഴിക്കോട് നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്ര നടക്കും.

ഒരാഴ്ചയായി കോഴിക്കോട്ട് നടക്കുന്ന എം.ടി സാഹിത്യ-സാംസ്‌കാരികോത്സവത്തിന് പുരസ്‌കാരദാനത്തോടെ കൊടിയിറങ്ങും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും സാംസ്‌കാരിക മണ്ഡലത്തിനും എം.ടി അര്‍പ്പിച്ച വിലമതിക്കാനാവാത്ത ഉപാസനയെ മുന്‍നിര്‍ത്തിയാണ് സമഗ്ര സംഭാവനക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം സമ്മാനിക്കുന്നത്.

പുരസ്‌കാര ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ ജയചന്ദ്രന്‍ നയിക്കുന്ന ഗാനമേളയും,പ്രശസ്ത നര്‍ത്തകി ലക്ഷ്മി ഗോപാല സ്വാമി നയിക്കുന്ന നൃത്ത പരിപാടിയും അരങ്ങേറും. കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയ സംഭവമായി മാറുന്ന ‘ സ്‌നേഹപൂര്‍വ്വം എം.ടിക്ക് ‘പരിപാടിയില്‍ സംബന്ധിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് കോഴിക്കോട് കടപ്പുറത്ത് എത്തിയിട്ടുള്ളത്.