
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെയും മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴി മാറ്റിയ വിദ്യാർത്ഥിനിയെയും ബന്ധപ്പെടുത്തി ട്വിറ്ററിൽ വ്യാജപ്രചാരണം നടത്തി ഡല്‍ഹി എം.എല്‍.എ മഞ്ജീന്ദർ സിങ് സിർസ.
സഫയും പ്രക്ഷോഭത്തിലെ പെൺകുട്ടിയും ഒന്നാണെന്ന തരത്തിലാണ് ട്വീറ്റ്. ‘ഇപ്പോൾ നമുക്കറിയാം ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണെന്ന്’- മഞ്ജീന്ദർ കുറിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേർ ട്വിറ്ററിൽ മഞ്ജീന്ദറിനെതിരെ രംഗത്തുവന്നു.

നിലമ്പൂർ കരുവാരക്കുണ്ട് ഗവ. എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർത്ഥിനി സഫയും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജീന്ദറിന്‍റെ ട്വീറ്റ്. പലരും ട്വീറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ജീന്ദറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റിൽ കേരള മുഖ്യമന്ത്രിയെയും കേരള പോലീസിനെയും മെൻഷൻ ചെയ്യുന്നവരും ഉണ്ട്. ബി.ജെ.പി ടിക്കറ്റിലാണ് 2017ലെ ഉപതെരഞ്ഞെടുപ്പില്‍ അകാലിദള്‍ നേതാവായ മഞ്ജീന്ദർ ജയിച്ചത്. നിയമസഭാ വെബ്സൈറ്റിലടക്കം ബി.ജെ.പി എം.എല്‍.എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
