മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം; തകര്‍ന്ന പ്രധാന റോഡുകളുടെ നിര്‍മാണച്ചെലവും കേന്ദ്രം ഏറ്റെടുക്കും

  • Post category:news
  • Reading time:1 min read
You are currently viewing മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം; തകര്‍ന്ന പ്രധാന റോഡുകളുടെ നിര്‍മാണച്ചെലവും കേന്ദ്രം ഏറ്റെടുക്കും

കൊച്ചി: കേരളം നേരിട്ട പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസഹായമായി രണ്ടുലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളോട് കേരളത്തില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കാര്‍ഷിക നഷ്ടം വിലയിരുത്താനും അതിനുള്ള നഷ്ടപരിഹാരം നല്‍കാനും പ്രത്യേക നിര്‍ദ്ദേശവും കേന്ദ്രം നല്‍കി. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ റോഡുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തിലെത്തണം. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാനും നടപടി എടുക്കുമെന്നും കേന്ദ്രം വിശദമാക്കി. കേരളത്തിന് അടിയന്തര സഹായമായി 500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇത് ആദ്യഘട്ടമാണെന്നും കൂടുതല്‍ തുക അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഈ അഞ്ഞൂറ് കോടി രൂപക്ക് പുറമെയാണ് മറ്റ് സേവനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഫസല്‍ ഭീമാ യോജന പ്രകാരം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തും. ഇതിന്റെ ചെലവുകള്‍ മുഴുവന്‍ കേന്ദ്രം വഹിക്കും. സംസ്ഥാനത്ത് നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0Shares