മരണ അടിയന്തിരം ഒഴിവാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കുടുംബം മാതൃകയാവുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മരണ അടിയന്തിരം ഒഴിവാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കുടുംബം മാതൃകയാവുന്നു

കാസര്‍കോട്: തോരോത്തെ കോരേട്ടന്റെ ഭാര്യ വെള്ളച്ചിയമ്മയുടെ മരണ അടിയന്തിരം ഒഴിവാക്കി പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മരണാനന്തര ചടങ്ങുകള്‍ക്ക് നീക്കി വച്ച തുക ദുരിതാശ്വാസത്തിനായി നല്‍കി വെള്ളച്ചിയമ്മയുടെ മക്കളും ബന്ധുക്കളും മാതൃകയായി. പതിനായിരം രൂപയാണ് പ്രളയ ബാധിതര്‍ക്ക് വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ബേഡഡുക്ക ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് സി.രാമചന്ദ്രന്‍, എം.അനന്തന്‍, പായം സുകുമാരന്‍, മധു തോരോത്ത് തുടങ്ങിയവര്‍ ദുരിതാശ്വാസതുക ഏറ്റുവാങ്ങി. വെള്ളച്ചിയമ്മയുടെ മക്കളും സഹോദരങ്ങളും മരുമക്കളും കുട്ടികളും ബന്ധുക്കളും ഈ മഹത്തായ കര്‍മ്മത്തില്‍ പങ്കാളികളായി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലൈബ്രറിക്ക് പുസ്തകം വാങ്ങാന്‍ പതിനായിരം രൂപയും, കോടോം ബേളൂരിലെ കമ്യൂണിസ്റ്റ് നേതാവ് ടി.കെ ശ്രീധരേട്ടന്റെ ഓര്‍മയ്ക്കായി ചുണ്ണംകുളത്ത് ആരംഭിക്കുന്ന വായനശാലയ്ക്ക് ഏഴായിരത്തി അഞ്ഞൂറ് രൂപയും, തോരോത്ത് എന്‍ജോയ്, എ കെ ജി ബീംബുങ്കാല്‍, എന്നീ വായനശാലകള്‍ക്ക് അയ്യായിരം രൂപയും താരംതട്ട ജി.എല്‍.പി സ്‌കൂളില്‍ ഒരു ദിവസത്തെ ഉച്ച ഭക്ഷണം എന്നിങ്ങനെ മറ്റു സംഭാവനകളും ഇതു വഴി കുടുംബം നല്‍കുമെന്ന് അറിയിച്ചതായി പഞ്ചായത്തു പ്രസിഡണ്ട് പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃരംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശശി തോരോത്തും സഹോദരങ്ങളും പ്രിയപ്പെട്ട അമ്മയുടെ മരണാനന്തരം ചെയ്ത ഈ വേറിട്ട സന്ദേശത്തില്‍ ഒരു കുടുംബം കാണിച്ച മാതൃക ലോകമറിയണം. കല്യാണത്തിനും മരിച്ചവര്‍ക്ക് വേണ്ടിയും ധൂര്‍ത്തടിച്ച് ചെലവഴിക്കുന്ന കേരള സമൂഹത്തിലെ സമ്പന്ന വര്‍ഗം ഇത് കാണണം. ബേഡകത്തിന്റെ മണ്ണില്‍ നിന്നും ഉയര്‍ന്നുവന്ന ഇത്തരം ധീരകൃത്യങ്ങള്‍ മാതൃകയാവണം. ഇതിനാണ് പ്രബുദ്ധ കേരള ജനത കൈയടിക്കേണ്ടത്.

0Shares