മന്ത്രി കെ.ടി ജലീലിന്റെ സമ്മര്‍ദ്ദം: ലുലുമാളിനായി സ്ഥലം വിട്ടു കൊടുക്കാന്‍ മന്ത്രിസഭയില്‍ തീരുമാനം; ഇവിടെ കോടീശ്വരന്മാര്‍ക്ക് മുന്നില്‍ നിയമം നട്ടെല്ല് വളയ്ക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രി കെ.ടി ജലീലിന്റെ സമ്മര്‍ദ്ദം:  ലുലുമാളിനായി സ്ഥലം വിട്ടു കൊടുക്കാന്‍ മന്ത്രിസഭയില്‍ തീരുമാനം; ഇവിടെ കോടീശ്വരന്മാര്‍ക്ക് മുന്നില്‍ നിയമം നട്ടെല്ല് വളയ്ക്കുന്നു.

തിരുവനന്തപുരം: റവന്യൂ, നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടു നല്‍കാന്‍ മന്ത്രി സഭയുടെ തീരുമാനം. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള കോഴിക്കോട് മാങ്കാവിലുള്ള 19 സെന്റ് പുറമ്പോക്ക് ഭൂമിയാണ് ലുലുമാളിനായി കൈമാറുന്നത്. പകരം നെല്ലിക്കോട് മൈലമ്പാടി ഒല്ലൂര്‍ ക്ഷേത്രത്തിനുസമീപം 26.19 സെന്റ് സ്ഥലവും 204 ചതുരശ്രമീറ്ററുള്ള കെട്ടിടവുമാണ് സര്‍ക്കാരിനായി ലുലുമാള്‍ ഉടമ നല്‍കുന്നത്. പലതവണ റവന്യൂ വകുപ്പ് തള്ളികളഞ്ഞ വിഷയമാണ് തദ്ദേശ മന്ത്രി കെ.ടി.ജലീലിന്റെ സമ്മര്‍ദ്ദ പ്രകാരം മന്ത്രിസഭ ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. റവന്യൂ ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുനല്‍കാനാവില്ലെന്ന് റവന്യൂ വകുപ്പും നിയമപരമായി കൈമാറ്റം നിലനില്‍ക്കില്ലെന്ന് നിയമവകുപ്പും നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു.

കോഴിക്കോട് നിര്‍മ്മിക്കുന്ന ലുലു കണ്‍വെന്‍ഷന്‍ സെന്ററിന് പുറമ്പോക്ക് ഭൂമി തല്‍കാലം നല്‍കേണ്ടതില്ലെന്ന തീരുമാനം മന്ത്രിസഭയെ കൊണ്ട് തന്നെ തിരുത്തിച്ചത് മന്ത്രി കെ.ടി.ജലീലിന്റെ തന്നെ ഇടപെടലാണ്. ഇതോടെ കൊച്ചി ലുലുമാളിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുമെങ്കിലും അവസാനം കാര്യങ്ങളൊക്കെ ലുലു ഉടമകള്‍ക്ക് അധീനമായി വരുമെന്ന കാര്യം ഉറപ്പായി. ഇവിടെ പാവപ്പെട്ടവന്‍ ഒരു തുണ്ട് ഭൂമിക്കായി സര്‍ക്കാര്‍ ഓഫീസിന്റെ പടികള്‍ ചവിട്ടി തഴയുമ്പോള്‍ ശതകോടീശ്വരനായ യൂസഫലിക്കു മുന്നില്‍ മാത്രം നിയമങ്ങളും നിര്‍ദ്ദേശങ്ങളും തലകുനിക്കുന്നു. പണ്ടാരോ പറഞ്ഞ പഴഞ്ഞൊല്ല് പോലെ ഇവിടെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലങ്കില്‍ പിന്നെ ലുലുമാളിനായി സ്ഥലം വിട്ടു കൊടുക്കില്ലെന്ന് റവന്യൂ വകുപ്പും നിയമ വകുപ്പും പറഞ്ഞിട്ടും മന്ത്രിസഭ വില കല്‍പ്പിക്കാത്തതെന്താ?.

0Shares