തിരുവനന്തപുരം: മന്ത്രിയുടെ ലൈംഗിക ചുവയുള്ള ഓഡിയോ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തു വിട്ടു. ഇടത് മന്ത്രി സഭയിലെ ഒരു മന്ത്രിയെ തന്നെ വെട്ടിലാക്കുന്ന വാര്‍ത്തയാണ് മംഗളം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീ സുരക്ഷയ്ക്കായി കൂടുതല്‍ സംസാരിക്കുകയും എന്നാല്‍ ജീവിതത്തില്‍ അത് ലംഘിക്കുകയുമാണ് ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ചെയ്യുന്നത് എന്നാണ് മംഗളം പറയുന്നത്. ‘കേരളം തലകുനിക്കട്ടെ ഈ വിഷയം കേട്ട്’ എന്ന തലക്കെട്ടില്‍ മംഗളം ടെലിവിഷന്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവലോകനത്തിന് എത്തിയ വനിതാ പ്രതിനിധികള്‍ മുഖത്ത് കൈവച്ച് തലതാഴ്ത്തുന്നതും കാണാമായിരുന്നു. ഈ വാര്‍ത്ത പുറത്ത് വിടുന്നത് ഒരു മന്ത്രി എന്ന നിലയില്‍ തീര്‍ത്തും എഡിറ്റ് ചെയ്യാതെയാണ്.

മലയാളികള്‍ ഇത് കേള്‍ക്കണം ദയവ് ചെയ്ത് കുട്ടികളെ ഈ വാര്‍ത്ത കാണിക്കരുത് എന്നും അവതാരക പറയുന്നുണ്ടായിരുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ മുഖ്യമന്ത്രിയോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് വിഷയം ഗൗരവമായി കാണുന്നുവെന്നാണ് പ്രതികരിച്ചത്. കേരളം കാണാന്‍ പോകുന്ന മറ്റൊരു വിവാദമാകും ഇത്. സ്ത്രീകള്‍ക്ക് നേരെ അതിക്രമം വര്‍ധിച്ചു വരുമ്പോള്‍ മന്ത്രി സഭയിലെ ഒരു അംഗം തന്നെ വിവാദത്തില്‍പ്പെട്ടത് മന്ത്രി സഭയ്ക്കു തന്നെ കോട്ടം തട്ടാനാണ് സാധ്യത. നിവേദനം നല്‍കാന്‍ മന്ത്രിയുടെ അടുത്തെത്തിയ യുവതിയോട് മന്ത്രി ലൈംഗിക ചുവയോടെ സംസാരിക്കുകയും പിന്നീട് ഫോണില്‍ സംസാരിച്ചതിന്റെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഭാഗം മംഗളം പുറത്തുവിടുകയുമായിരുന്നു.