ഇടുക്കി : ദേവികുളം സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന വിമർശനത്തിന് പിന്നാലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച് മന്ത്രി എം .എം.മണി. സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും, സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. കൂടെ ഒരു ഡി.വൈ.എസ്പിയുണ്ടായിരുന്നു. സകലതും അവർ ചെയ്തു എന്നത് ഞങ്ങൾക്കറിയാമെന്നായിരുന്നു മണിയുടെ പരാമർശം. വി എസിന്റെ കാലത്ത് മൂന്നാര്‍ ഒഴിപ്പക്കലിനെത്തിയ കെ.സുരേഷ്‌കുമാറിനെയും എം.എം.മണി വിമര്‍ശിച്ചു.

മന്ത്രി എം എം മണി രാജിവെച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ കൂട്ടായ്മ പ്രവർത്തകർ മൂന്നാർ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് റോഡിൽ കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു. റോഡ് തടസ്സപ്പെടുത്തി നടത്തുന്ന പ്രതിഷേധം തടയാൻ പോലീസ് എത്തിയതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതോടെ സമരക്കാര്‍ക്ക് പിന്തുണയുമായി നാട്ടുകാരുമെത്തിയതോടെ പോലീസിന്റെ ബലപ്രയോഗം പരാജയപ്പെട്ടു . മന്ത്രി എം.എം.മണി എത്തി മാപ്പുപറയാതെ തങ്ങൾ സമരം അവസാനിപ്പിക്കില്ലെന്നാണ് ഇവർ പറയുന്നത്.