കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെയും റവന്യൂ മന്ത്രിക്കെതിരേയും രൂക്ഷവിമര്‍ശനം. ചിമേനിയിലെ റിട്ടയേഡ് അധ്യാപികയുടേത് ഉള്‍പ്പെടെ സമീപ കാലത്തായി പാര്‍ട്ടി ഗ്രാമങ്ങളില്‍ നടന്ന മൂന്ന് കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതും പൊലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതിയായ പരിഗണന ലഭിക്കാത്തതും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇത്തരം സംഭവങ്ങള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വളമായതായും ചര്‍ച്ചയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. പൊലീസിലെ ഒരു വിഭാഗം പാര്‍ട്ടി ശത്രുക്കള്‍ക്കൊപ്പമാണെന്ന ആക്ഷേപവും പ്രതിനിധികള്‍ ഉന്നയിച്ചു. സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധത്തിലായ ഘട്ടത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാടുകളെ വേണ്ട രീതിയില്‍ ചെറുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ഇത് പൊതു ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പത്തിന് ഇടയാക്കി. നേതൃത്വത്തിന്റെ തെറ്റായ നിലപാടില്‍ പാര്‍ട്ടി വിടുന്ന അനുഭാവികള്‍ ബി.ജെ.പിയിലാണ് ചേക്കേറുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. ജില്ലയില്‍ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കും എംപിക്കും ഉണ്ടായ വീഴ്ചയും പ്രതിനിധികള്‍ ചൂണ്ടി കാട്ടി. സി.പി.ഐ മന്ത്രിയായ ഇ ചന്ദ്രശേഖരന്റെ നിലപാടിനെതിരേ നീലേശ്വരം ഏരിയ കമ്മിറ്റി രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിയുടെ മണ്ഡലത്തില്‍ സി.പി.എം കാരെ അകറ്റിനിര്‍ത്തുന്നതായും ഈ സ്ഥിതി തുടര്‍ന്നാല്‍ നിസഹകരണം ഇനിയും തുടരുമെന്നും നീലേശ്വരം ഏരിയാ കമ്മിറ്റി മുന്നറിയിപ്പു നല്‍കി. റവന്യൂമന്ത്രി നിലമറന്ന് പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രിയുടെ പ്രവര്‍ത്തനം കാരണം പലരും സി.പി.എം വിട്ട് പോവുകയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. തോമസ് ചാണ്ടി പ്രശ്‌നത്തില്‍ സി.പി.ഐ എടുത്ത നിലപാടിനെയും വിമര്‍ശിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട് മണ്ഡലത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും എം.എല്‍.എയെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നുവെന്ന് ജില്ലാ നേതൃത്വവും സമ്മതിക്കുന്നുണ്ട്.

മന്ത്രി ഇ ചന്ദ്രശേഖരന്‍ നിലമറന്നു പെരുമാറുന്നു; സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരേയും റവന്യൂമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനം