തിരുവനന്തപുരം: മന്ത്രിസ്ഥാനം എന്‍സിപിയുടെ സ്വന്തമാണെന്നും അത് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. എ കെ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.

അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എ.കെ ശശീന്ദ്രന്‍ നിരപരാധിത്വം തെളിയിച്ചാല്‍ മാറികൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ശശീന്ദ്രന്റെ രാജിക്കുശേഷമുളള എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കേയാണ് മന്ത്രിസ്ഥാനത്തിനുള്ള അവകാശം ഉന്നയിച്ച് തോമസ് ചാണ്ടി രംഗത്തെത്തിയത്.