കാസര്‍കോട്: മനുഷ്യന്‍ നിര്‍മ്മിക്കുന്ന വ്യവസ്ഥകളെയെല്ലാം തകര്‍ക്കുന്ന ആന്തരിക ശക്തിയാണ് കവിതയെന്ന് കവി വി.ടി ജയദേവന്‍ അഭിപ്രായപ്പെട്ടു. ഏത് മഹാനിര്‍മ്മിതിക്കുള്ളിലും അതിനെ തകര്‍ക്കാനുള്ള ഒരു പഴുത് ഒളിച്ചു വെച്ചിട്ടുണ്ടാകും. ഇരുണ്ട ആകാശത്തിലെ ഒറ്റ നക്ഷത്രം പോലെ കവിതയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു വാക്കുമതി വഴി കാട്ടാന്‍. രാഘവന്‍ ബെള്ളിപ്പാടിയുടെ ‘തുറിച്ചു നോക്കുന്ന വാക്കുകള്‍’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് ഹാളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരന്‍ പത്മനാഭന്‍ ബ്ലാത്തൂര്‍ പുസ്തകം ഏറ്റുവാങ്ങി. കവി നാലപ്പാടം പത്മനാഭന്‍ പുസ്തകപരിചയം നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ അദ്ധ്യക്ഷനായി. പ്രഭാകര കല്ലൂരായ മുഖ്യാതിഥിയായി.
കന്നട കവി രാധാകൃഷ്ണ ഉളിയത്തടുക്ക, കവയിത്രി രാധ ബേഡകം, ടി.കെ രാജശേഖരന്‍, അഷ്റഫ് അലി ചേരംകൈ, എസ്.എം മഞ്ജിമ, മേഘ മല്‍ഹാര്‍, അഖിലേഷ് നഗുമുഖം എന്നിവര്‍ സംസാരിച്ചു. രാഘവന്‍ ബെള്ളിപ്പാടി മറുപടി പ്രസംഗം നടത്തി. കെ.രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും രവീന്ദ്രന്‍ പെരുമ്പള നന്ദിയും പറഞ്ഞു. 
മനുഷ്യവ്യവസ്ഥകളെ തകര്‍ക്കുന്ന പ്രപഞ്ചശക്തിയാണ് കവിത; വഴി കാട്ടാന്‍ കവിതയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു വാക്കുമതിയെന്നും കവി വി.ടി ജയദേവന്‍