കാസര്‍കോട്: കൊല്ലപ്പെട്ട ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകന്‍ കുടക് സ്വദേശി റിയാസിന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും മുസ്ലീം ലീഗ് നേതാക്കളും ജില്ലാ പോലീസ് ഓഫീസിന്റെ കവാടത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം റിയാസിന്റെ മൃതദേഹം സ്വദേശമായ കര്‍ണാടകയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചതിനെതിരെയാണ് ലീഗ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

മൃതദേഹം കാസര്‍കോട്ടെത്തിച്ച് പൊതു ദര്‍ശനത്തിന് വയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് മുസ്ലീം ലീഗ് നേതാക്കളും പ്രവര്‍ത്തകരും എസ്.പി ഓഫീസിന് മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തിയത്. മൃതദേഹം കാസര്‍കോടെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കുന്ന പക്ഷം ജനങ്ങളുടെ ഭാഗത്തു നിന്നും വൈകാരികമായ പ്രതികരണവും അനിഷ്ട സംഭവങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പോലീസ് അധികൃതരുടെ തീരുമാനത്തെ തുടര്‍ന്ന് ഭൗതിക ശരീരം കുടകിലേക്ക് തന്നെ കൊണ്ടുപോയത്.