മദ്രസാധ്യാപകന്റെ കൊല: അപ്രത്യക്ഷരായ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

  • Post category:news
  • Reading time:2 mins read
You are currently viewing മദ്രസാധ്യാപകന്റെ കൊല: അപ്രത്യക്ഷരായ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

കാസര്‍കോട്: മദ്രസാധ്യാപകന്‍ മടിക്കേരി എരുമാടിലെ റിയാസ് മൗലവി (30) യെ പഴയചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന മുറിയില്‍ കുത്തിക്കൊന്ന കേസില്‍ അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. കൊല നടന്നതിന് ശേഷം ഈ പ്രദേശത്തെ രണ്ട് യുവാക്കളെ കാണാതായിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫിലാണ്. കൊലയുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. ഇവര്‍ എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. നേരത്തെ കൊലക്കേസില്‍ പ്രതികളായ ചിലരെ ചുറ്റിപ്പറ്റിയും അന്വേഷണം നടന്നു വരികയാണ്. ഒരു ഹോട്ടലിലെ ജീവനക്കാരനെയടക്കം പോലീസ് അന്വേഷിച്ച് ചെന്നിരുന്നു. എന്നാല്‍ കൊലനടന്ന രാത്രിയില്‍ ഇവരെല്ലാം വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. നേരത്തെ ചില കുറ്റകൃത്യങ്ങളില്‍ പെട്ട ചിലര്‍ പോലീസിനെ ഭയന്ന് വീട്ടില്‍ നിന്ന് ഒളിവില്‍ പോയിരുന്നു. ഇക്കാര്യം പരിശോധിച്ച് വരുന്നതിനിടയിലാണ് ഇതുവരെ കേസുകളിലൊന്നും ഉള്‍പ്പെടാത്ത രണ്ട് യുവാക്കള്‍ ഒളിവില്‍ പോയ വിവരം ലഭിക്കുന്നത്.

അതോടെ അന്വേഷണം ആ വഴിക്കാണ് നീങ്ങുന്നത്. അതിനാല്‍ ഇവരെ പിടിച്ചാല്‍ മാത്രമെ ഇവര്‍ തന്നെയാണോ കൊലക്ക് പിന്നിലെന്ന് മനസ്സിലാക്കാന്‍ കഴിയു. എല്ലാ സാധ്യതകളെയും പോലീസ് വിശകലനം ചെയ്തു വരികയാണ്. എന്നാല്‍ മുന്‍തൂക്കം നല്‍കുന്നത് യുവാക്കളുടെ തിരോധാനം സംബന്ധിച്ചാണ്. ഉത്തര മേഖല ഐ.ജി മഹിപാല്‍ യാദവ് വീണ്ടും കാസര്‍കോട്ടെത്തി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം ഐ.ജിയെ ധരിപ്പിച്ചു. കൊല്ലപ്പെട്ട റിയാസ് മൗലവി രണ്ട് മൊബൈല്‍ ഫോണുകളാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിലൊന്നിലേക്ക് സംഭവ ദിവസം വൈകിട്ട് 6 മണിയോടെ അദ്ദേഹത്തിന്റെ ഒരു ബന്ധുവാണ് അവസാനമായി വിളിച്ചത്. വാട്സ്ആപ് ഉപയോഗിക്കുന്ന രണ്ടാമത്തെ മൊബൈല്‍ ഫോണിലെ കോളുകള്‍ പരിശോധിച്ചു വരികയാണ്. രാത്രി വിളിച്ച അവസാനത്തെ കോള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കുന്നു. സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് കൊലക്ക് പിന്നിലുള്ള കാരണമെന്ന രീതിയിലുള്ള നിഗമനത്തെ കുറിച്ചും പോലീസ് സൂക്ഷ്മമായി അന്വേഷിച്ച് വരികയാണ്. സംഭവത്തിന് പിറകിലുള്ള നിഗൂഢത പുറത്തു കൊണ്ടുവരാനുള്ള ഭംഗീരഥ പ്രയത്‌നത്തില്‍ മുഴുകിയിരിക്കുകയാണ് അന്വേഷണ സംഘം.

 

0Shares