മദ്യശാല മാറ്റി സ്ഥാപിക്കലിനെതിരെ പെണ്‍കരുത്തിന്റെ പ്രക്ഷോഭം ശക്തമാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing മദ്യശാല മാറ്റി സ്ഥാപിക്കലിനെതിരെ പെണ്‍കരുത്തിന്റെ പ്രക്ഷോഭം ശക്തമാകുന്നു.

കാസര്‍കോട്: ദേശീയ പാതയോരത്തെ എല്ലാ മദ്യശാലകളും നിര്‍ബന്ധമായും നീക്കം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആ വിധി നടപ്പിലാക്കാന്‍ അധികൃതര്‍ നടപടി കൈകൊള്ളുമ്പോള്‍ അതിന് കടക വിരുദ്ധമായി കോടതി വിധിയെയും ജനമനസ്സാക്ഷിയെയും വെല്ലുവിളിക്കുന്ന മട്ടില്‍ ദേശീയ പാതയുടെ സമീപത്ത് സര്‍ക്കാറിന്റെ അധീനതയിലുള്ള മദ്യശാല പ്രവര്‍ത്തനം ആരംഭിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിന് കളമൊരുക്കി.

കാസര്‍കോട് പടന്നക്കാട്ട് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് സ്ഥാപിക്കാനുളള നീക്കത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം ശക്തമായത്. ദേശീയപാതയിലെ പടന്നക്കാട് മേല്‍പ്പാലത്തിന് തൊട്ടടുത്ത് ഔട്ട്ലെറ്റ് തുറക്കാനാണ് അധികൃതരുടെ ശ്രമം. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റാണ് പടന്നക്കാട് മേല്‍പ്പാലത്തിന് തൊട്ട് കീഴെയുള്ള ഒരു സ്വകാര്യകെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ പോകുന്നത്. നീതിയും നിയമവും കാറ്റില്‍ പറത്തി മദ്യശാല തുറക്കുന്നതിനെതിരെ പ്രദേശത്തെ വീട്ടമ്മമാര്‍ നേതൃത്വം നല്‍കുന്ന ജനകീയ സമരത്തിന് കരുത്താര്‍ജ്ജിക്കുന്നു.

വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ ഈ ധര്‍മ്മ സമരത്തിന് പിന്തുണ അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. സുപ്രീംകോടതി വിധി ലംഘിച്ച് ദേശീയ പാതയില്‍ നിന്നും 450 മീറ്റര്‍ അകലെ ഔട്ട്ലെറ്റ് തുറക്കാനാണ് അധികൃതര്‍ നീക്കം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അധികൃതരുടെ നടപടിയ്ക്കെതിരെ വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

0Shares