
വടക്കഞ്ചേരിയില്‍ പിതാവ് തലയ്ക്കടിച്ചതിനെ തുടർന്ന് മകൻ മരിച്ചു. പരുവാശേരി നെല്ലിയാമ്ബാടം മണ്ണാമ്പറയിൽ വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ഇസ്രയേലില്‍ നഴ്‌സ് ആയിരുന്ന ബേസില്‍ ഒരു വര്‍ഷം മുമ്പാണ് ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. ബേസില്‍ രാത്രി മദ്യപിച്ചെത്തുന്നതിനെ തുടർന്ന് ദിവസവും വീട്ടില്‍ വഴക്കുണ്ടാവാറുണ്ട്.

സംഭവ ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടർന്ന് പിതാവ് ബേസിലിനെ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മൂന്ന് മണിക്കൂറിനുശേഷമാണ് മകന്‍ മരിച്ചവിവരം മത്തായി അയല്‍വാസിയെ അറിയിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
10 മണിക്ക് തന്നെ ഇയാള്‍ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മത്തായിയെ (58) പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പട്ടിക്കാട് പലചരക്കു കട നടത്തുകയാണ് മത്തായി. ഭാര്യ സാറാമ്മ കിടപ്പുരോഗിയാണ്.
