തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21 ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ തീരുമാനം. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള കേരള വനിത കമ്മീഷന്‍ നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുണ്ടായിരുന്നുളളൂ. സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂത്ത് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കും.
2012 ലെ ചെറുകിട ജലവൈദ്യുതി നയം അനുസരിച്ച് ഇന്റിപെന്റന്റ് പവര്‍ പ്രൊജക്ട് വിഭാഗത്തിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്‍ നിരക്ക് നിശ്ചയിക്കും. ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ കാന്തിപ്പാറ വില്ലേജില്‍ 83.98 ആര്‍ പുറമ്പോക്ക് ഭൂമി, പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പിന് ധാന്യസംഭരണശാല നിര്‍മ്മിക്കുന്നതിനായി നല്‍കാന്‍ തീരുമാനിച്ചു. തൃശ്ശൂര്‍ കേരള ഫീഡ്സിലെ മാനേജീരിയല്‍, മേല്‍നോട്ട വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കൊച്ചി സിറ്റി പോലീസ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 34.95 ആര്‍ റവന്യൂ പുറമ്പോക്ക് ഭൂമി, ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ആഭ്യന്തര വകുപ്പിന് ഉപയോഗാനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മദ്യം കഴിക്കണമെങ്കില്‍ ഇനി വയസു 23 തികയണം; അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും