മദീന ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി.

  • Post category:news
  • Reading time:1 min read
You are currently viewing മദീന ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി.

മദീന: പ്രവാചക നഗരിയുടെ ചരിത്രവും സംസ്‌കാരവും വര്‍ത്തമാനവും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ‘മദീന ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനം’ പരിപാടിക്ക് പ്രൗഢോജ്വല തുടക്കം. ഒരു വര്‍ഷം നീളുന്ന ഉത്സവ ആഘോഷം സൗദി ടൂറിസം കമീഷന്‍ പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. മദീനയിലെ കിങ് ഫഹദ് സെന്‍ട്രല്‍ ഗാര്‍ഡനില്‍ ഒരുക്കിയ കൂറ്റന്‍ വേദിയില്‍ കലാ സാംസ്‌കാരിക പ്രകടനങ്ങളുടെ വിസ്മയ രാവൊരുക്കിയ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാരുന്നു. വിവിധ അറബ് – ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നടക്കം ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് അതിഥികളെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനം. മദീന പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയ വലിയ സ്‌ക്രീനില്‍ ഉദ്ഘാടന ചടങ്ങ് പൊതുജനങ്ങള്‍ക്കും ആസ്വദിക്കാനായി.

മദീന ഇസ്ലാമിക ടൂറിസത്തിന്റെ ആസ്ഥാനം പരിപാടി വിളംബരത്തിന്റെ ദൃശ്യാവിഷ്‌കാരം അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പ്രകാശനം ചെയ്തു. വിശ്വാസപരവും ചരിത്രപരവുമായ നിരവധി കാരണങ്ങള്‍ കൊണ്ട് ലോക മുസ്ലിംകളുടെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായത് കൊണ്ടാണ് മദീനയെ ഈ വര്‍ഷത്തെ ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനമായി നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുന്നബവിയും ഖുബാ മസ്ജിദും ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങളും ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ പ്രദേശങ്ങളും ഉള്‍ക്കൊള്ള മദീന സന്ദര്‍ശിക്കാന്‍ ലോക മുസ്ലിങ്ങളെ അമീര്‍ സുല്‍ത്താന്‍ സ്വാഗതം ചെയ്തു. മദീനയുടെ ചരിത്രവും പൈതൃകവും ലോകം അറിയേണ്ടതുണ്ട്. ഇതിനായി ഇസ്ലാമിക് വാര്‍ മ്യൂസിയം ഉള്‍പ്പടെ സല്‍മാന്‍ രാജാവിന്റെ മേല്‍നോട്ടത്തില്‍ നിരവധി പദ്ധതികള്‍ മദീനയില്‍ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന വ്യക്തിത്വങ്ങള്‍ വിശിഷ്ടാതിഥികളായി.

0Shares