കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചത് മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിനാണെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വനിതാ മതിലില്‍ ആദ്യ കണ്ണിയായി അണിനിരന്ന ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീക്കുംപുരുഷനും ജൈവശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ട്. ആര്‍ത്തവം സ്ത്രീകള്‍ക്ക് അശുദ്ധിയല്ല. സന്താനോദ്പാദത്തിനുള്ള ജൈവികപ്രക്രിയയാണ്. വിവാഹിതയായ താഴ്ന്ന വിഭാഗം സ്ത്രീകളുടെ കന്യകാത്വം ജന്മിമാര്‍ക്കും ഭൂപ്രഭുക്കന്‍മാര്‍ക്കും സമര്‍പ്പിക്കേണ്ടി വരുന്ന ദുരവസ്ഥ കേരളത്തിലുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
എ.കെ ജി മകള്‍ ലൈല, പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ. പത്മാവതി, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഭാര്യ സാവിത്രി ചന്ദ്രശേഖരന്‍, മകള്‍ നീലി ചന്ദ്രന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഡീനാ ഭരതന്‍, ജില്ലാ പട്ടികജാതി ഓഫീസര്‍ എസ് മീനാറാണി, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ. പ്രസീത, കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ സുമതി, വിവിധ വനിതാസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ അണിനിരന്നു. വനിതാമതിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡിന് മറുവശത്ത് പുരുഷന്‍മാരും അണിനിരന്നു. ഇതില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി കരുണാരന്‍ എം.പി, ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു, എ.ഡി.എം എന്‍ ദേവീദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗിരീഷ് ചോലയില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, സി.പി.ഐ ജില്ലാസെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംബന്ധിച്ചു.
