കാഞ്ഞങ്ങാട്: മതംമാറിയ ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുഖ്യ പ്രതിയായ വ്യാജ സിദ്ധനെ പൊലിസ് അറസ്റ്റുചെയ്തു. അജാനൂര്‍ കുറ്റ്യാടി കൊളവയല്‍ സ്വദേശി അബ്ദുള്‍ റഹ്മാനെ(58)യാണ് ഹൊസ്ദുര്‍ഗ്ഗ് അഡീഷണല്‍ എസ്.ഐ പി വിജയന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട്ടെ ആവിക്കര ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇസ്ലാം മതത്തില്‍ നിന്നു ക്രിസ്ത്യന്‍ മതത്തിലേക്കു മാറിയ തന്‍സീറ എന്ന ടീനയെ ഒരാഴ്ച മുമ്പാണ് ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരാഴ്ചയോളം ക്വാര്‍ട്ടേഴ്സില്‍ മന്ത്രവാദ കര്‍മ്മങ്ങള്‍ നടന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആത്മഹത്യ നടന്ന ദിവസവും മന്ത്രവാദ കര്‍മ്മം നടന്നതായി പൊലീസിനു തെളിവു ലഭിച്ചു. യുവതിയുടെ പൊക്കിള്‍ കുഴിയിലും മറ്റുമായി മന്ത്രവാദ കര്‍മ്മം നടത്തിയതായുള്ള പാടുകള്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പെട്ടന്ന് ക്ഷോഭിക്കുന്ന സ്വഭാവമുള്ള തന്‍സീറ ഇത് മാറ്റിയെടുക്കാനാണ് സിദ്ധന്റെ അടുത്ത് ചികിത്സ തേടിയെത്തിയത്. എന്നാല്‍ മന്ത്രവാദത്തിന്റെ പേരില്‍ മാനഹാനിയുണ്ടാക്കിയ വിഷമത്താലാണ് യുവതി ജീവനൊടുക്കിയെതെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ച് വിവാഹിതരായ തന്‍സീറയും ജോമോനും ഒരു വര്‍ഷം മുമ്പാണ് കുശാല്‍നഗറിലെ കെ എം ക്വാര്‍ട്ടേഴ്സില്‍ വാടകക്ക് താമസിക്കാനെത്തിയത്. പാണത്തൂര്‍ സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവറാണ് ഭര്‍ത്താവ് ജോമോന്‍. എളുപ്പത്തില്‍ സാമ്പത്തീകമായ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ് സിദ്ധനെ മന്ത്രവാദത്തിന് കൊണ്ടുവന്നത്. തുടര്‍ന്ന് ഒരുമാസത്തോളം ക്വാര്‍ട്ടേഴ്സില്‍ വച്ച് മന്ത്രവാദം തുടര്‍ന്നിരുന്നു. മന്ത്രവാദത്തില്‍ അവിശ്വാസ്യത വന്നതോടെ ജോമോന്‍ സിദ്ധനെ ഭീഷണിപ്പെടുത്തുകയും മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് ക്വാര്‍ട്ടേഴ്സിലെത്തിയാല്‍ അടിച്ചു കാലൊടിക്കുമെന്ന് താക്കീതും ചെയ്ത് വിട്ടിരുന്നു. പിന്നീടാണ് തന്‍സീന മരണപ്പെടുന്നത്. തന്‍സീറയുടെ മൊബൈലിലെ കോള്‍ ലിസ്റ്റ് പരിശോധിച്ചാണ് വ്യാജസിദ്ധനെ പോലിസ് കസ്റ്റഡിയിലെടുത്തത്. അവസാനമായി കോള്‍ ചെയ്തത് സിദ്ധനായിരുന്നു. ഉച്ചയോടെ പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
