മണ്ണിനെ നേരിട്ടറിയാം; രാജ്യത്തെ ഏറ്റവും മികച്ച സോയില്‍ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മണ്ണിനെ നേരിട്ടറിയാം; രാജ്യത്തെ ഏറ്റവും മികച്ച സോയില്‍ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും മികച്ചതും ലോകോത്തര നിലവാരം പുലര്‍ത്തുന്നതുമായ സോയില്‍ മ്യൂസിയം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരം പാറോട്ടുകോണത്തുളള നവീകരിച്ച സോയില്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സഹകരണവകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. കേരളത്തിലെ പ്രധാന മണ്ണിനങ്ങളുടെ സ്ഥിരപരിഛേദികകള്‍, വര്‍ക്കിംഗ് മോഡല്‍സ്, മണ്ണുശേഖരങ്ങള്‍, പടങ്ങള്‍, പ്രവര്‍ത്തന രീതി പ്രകടനങ്ങള്‍, സോയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മിനി തിയേറ്റര്‍ എന്നിവ ഉള്‍പ്പെടെ മണ്ണിനെ സംബന്ധിച്ച സമ്പൂര്‍ണ അവലോകനത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് കാണികള്‍ക്കായി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യയിലെ തന്നെ ഈ പ്രഥമ സോയില്‍ മ്യൂസിയം 2016 ജനുവരിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ എല്ലാത്തരം സന്ദര്‍ശകര്‍ക്കും വിജ്ഞാനപ്രദമാകുന്ന രീതിയില്‍ നവീകരിച്ചാണ് രണ്ടാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് സോയില്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുപ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 15 രൂപ, പൊതുജനങ്ങള്‍ക്ക് 25 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ അനന്തപുരിയുടെ മണ്ണറിവ് എന്ന പുസ്തകത്തിന്റെ പ്രകാശനവും കൃഷി മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ 1044 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സൂക്ഷ്മ നീര്‍ത്തട അറ്റ്‌ലസുകളുടെ പ്രകാശനം ഹരിതകേരളം എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ നിര്‍വഹിച്ചു. മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍, നഗരസഭ കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ്, പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റ് അനില്‍ എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

0Shares