മണിമുണ്ട സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണം മര്‍ദനം മൂലമല്ല: അസുഖം മൂര്‍ഛിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing മണിമുണ്ട സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണം മര്‍ദനം മൂലമല്ല: അസുഖം മൂര്‍ഛിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: ഉപ്പള മണിമുണ്ടയില്‍ ആറാംതരം വിദ്യാര്‍ത്ഥിനിയുടെ മരണം മര്‍ദനം മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. അസുഖം മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത് കുമ്പള പോലിസ് പറഞ്ഞു. ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ -മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആയിഷ മെഹ്നാസ്(11 ) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഓണപരീക്ഷയുടെ ഉത്തരക്കടലാസില്‍ ചോദ്യം എഴുതി വച്ചതിനെ തുടര്‍ന്ന് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ വച്ച് മര്‍ദ്ദിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈമാസം നാലിനാണ് കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് വീട്ടിലെത്തിയ ശേഷമാണ് കുട്ടി മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് അന്വേഷണമാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ അധ്യാപികമാര്‍ക്കെതിരേ രംഗത്തുവന്നിരുന്നു. നേരത്തെ അപസ്മാര രോഗലക്ഷണമുണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതിയും നല്‍കിയിരുന്നില്ല. പരക്കെ ആരോപണ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിയാരം മെഡിക്കല്‍ കോളജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

 

0Shares