കണ്ണൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മാലൂരില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കതിരൂരില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനില്‍, മങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി രാജന്‍, കര്‍ഷക മോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി ഗംഗാധരന്‍, മാലൂര്‍ പഞ്ചായത്തു പ്രസിഡന്റ് മോഹനന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ സുനില്‍, ഗംഗാധരന്‍ എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച വൈകിട്ട് മാലൂര്‍ പോലീസ് സ്റ്റേഷനില്‍ പോയി മടങ്ങുമ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്ത ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അതേസമയം കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രവീണിനാണ് വെട്ടേറ്റത്. ബൈക്കില്‍ സഞ്ചരിക്കവെ കതിരൂര്‍ പുല്യോട് വച്ച് മുഖംമൂടി ധരിച്ച സംഘം പ്രവീണിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍ സമാധാനപരം; ആറുപ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍