കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നെല്ലൂന്നിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ സൂരജ്(30), നെല്ലൂന്നിയിലെ ജിത്തു എന്ന ജിതേഷ് (26) എന്നിവര്‍ക്കാണ് വേട്ടേറ്റത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. സൂരജിനെ കള്ളുഷാപ്പില്‍ വെച്ച് ബൈക്കിലെത്തിയ മൂന്നംഗസംഘം അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വായനശാലയ്ക്ക് സമീപം നടന്നു പോവുകയായിരുന്ന ജിതേഷിന് വേട്ടേറ്റു. ഇരുവരേയും കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ എസ്.ഐ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം.
നെല്ലൂന്നിയില്‍ കഴിഞ്ഞദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തകര്‍ത്തിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് നെല്ലൂന്നിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയും സി.പി.എം പ്രവര്‍ത്തകന്റെ കാറും തകര്‍ത്തിരുന്നു. തുടര്‍ന്ന് ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ക്കുകയും സി.പി.എം പൊതുയോഗം നടത്തിയ സ്ഥലത്തെ കട ഉടമയുടെ വീട്ടില്‍ റീത്ത് കാണപ്പെട്ട സംഭവം ഉണ്ടായിരുന്നു. ആസമയത്ത് സി.പി. എം പ്രവര്‍ത്തകന്‍ പി ജിജീഷിന്(30) കുത്തേല്‍ക്കുകയും ചെയ്തിരുന്നു. വിവിധ സംഭവങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച പൊലീസ് സമാധാനയോഗം വിളിച്ചു ചേര്‍ത്തിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ അക്രമം നടന്നിരിക്കുന്നത്.