കാസര്‍കോട്: മഞ്ചേശ്വരത്തെ ആളൊഴിഞ്ഞ പറമ്പില്‍ വന്‍ കഞ്ചാവ് ശേഖരം. തലക്കളയിലെ ഗുഡ്ഡേമാര്‍ എന്ന സ്ഥലത്തുനിന്നാണ് 72 കിലോ കഞ്ചാവ് കണ്ടെത്തിയത്. കുറ്റിക്കാട്ടില്‍ എട്ടുബാഗുകളിലായി സൂക്ഷിച്ചു വച്ച നിലയിലായിരുന്നു കഞ്ചാവ്. ഓരോ ബാഗിനകത്തും രണ്ടു കിലോ വീതം കഞ്ചാവാണ് നിറച്ചിരുന്നത്. ബാഗുകളൊന്നും നനഞ്ഞിട്ടില്ല. അതിനാല്‍ മണിക്കൂറുകള്‍ക്കുമുമ്പായിരിക്കാം ഇവിടേക്ക് കഞ്ചാവ് കടത്തിയതെന്നു സംശയിക്കുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച പ്രദേശത്തുനിന്നും 25 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 80 കിലോ കഞ്ചാവും പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കണ്ടെത്തിയിരുന്നു.ഒരുവര്‍ഷത്തിനിടേ ക്വിന്റല്‍ കണക്കിന് കഞ്ചാവാണ് കാസര്‍കോട്ടേക്ക് എത്തിയത്. ഭൂരിഭാഗവും പിടികൂടുന്നത് മഞ്ചേശ്വരം പ്രദേശത്തുനിന്നാണ്.
ഹൈദരാബാദില്‍ നിന്നാണ് കഞ്ചാവ് സംസ്ഥാനത്ത് എത്തിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ഉപഭോക്താക്കള്‍ക്കായി വില്‍പനക്കുകൊണ്ടുവന്നതാണ് പിടികൂടിയ കഞ്ചാവെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു. മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാര്‍, എ.എസ്.ഐ രാമചന്ദ്രന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ രതീശന്‍, കുഞ്ഞികൃഷ്ണന്‍, ചന്ദ്രശേഖരന്‍, ഷാഫി എന്നിവരടങ്ങുന്ന സംഘവുമാണ് കഞ്ചാവ് വേട്ട നടത്തിയത്.
മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട; ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 72 കിലോ പോലിസ് കണ്ടെത്തി