
കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട. ഓണാഘോഷങ്ങള്‍ക്കായി കാസര്‍കോട് ജില്ലയിലേക്ക് എത്തിച്ച് 21.8 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാ(30)ണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് സിദ്ദീഖ് താമസിക്കുന്ന തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ബുധനാഴ്ച അര്‍ധരാത്രി 12.30 മണിയോടെ മഞ്ചേശ്വരം തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സില്‍ കുമ്പള സി.ഐ വി.വി മനോജ്, എസ്.ഐ സനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു. രണ്ടു ദിവസം മുമ്പ് ഉദ്യാവാറില്‍ വാഹനാപകടം നടന്നിരുന്നു. അപകടത്തില്‍പെട്ട വാഹനം മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും, പരിശോധനയില്‍ രണ്ടു പാക്കറ്റ് കഞ്ചാവ് പൊതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനഉടമയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കഞ്ചാവ് വില്‍പന സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. കഞ്ചാവ് സൂക്ഷിച്ചു വച്ച സ്ഥലം മനസിലാക്കിയ പൊലീസ് സംഘം ബുധനാഴ്ച്ച രാത്രി ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് നിരീക്ഷണം നടത്തുകയും, രാത്രിയോടെ കഞ്ചാവ് പിടികൂടുകയുമായിരുന്നു.
കഞ്ചാവ് വില്‍പ്പനക്കുവേണ്ടി മാത്രം അബൂബക്കര്‍ സിദ്ദിഖ് തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സില്‍ മുറിയെടുക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കഞ്ചാവ് വാങ്ങാനായി ഈ ക്വാര്‍ട്ടേഴ്സില്‍ എത്താറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവെത്തിച്ചിരുന്നത്. ഓണത്തിന് വിതരണം ചെയ്യുന്നതിനായാണ് ഇത്രയും കൂടുതല്‍ കഞ്ചാവെത്തിച്ചതെന്നാണ് വിവരം. ഇയാള്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയിരുന്നവരെകുറിച്ചും ഇയാളില്‍ നിന്നും സ്ഥിരം കഞ്ചാവ് വാങ്ങിയിരുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഗള്‍ഫിലായിരുന്ന അബൂബക്കര്‍ അടുത്തിടേയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്നു. മഞ്ചേശ്വരം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ സന്തോഷ്, കെ.കെ രതീശന്‍, കുഞ്ഞിരാമന്‍ എന്നിവരും റെയ്ഡിനുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.