
കാസര്‍കോട്: മുസ്ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.അബ്ദുല്ല കുഞ്ഞി, മുന്‍ മഞ്ചേശ്വരം മണ്ഡലം കൗണ്‍സിലര്‍ എം.എ.ഉമ്പു മുന്നൂര്‍ എന്നിവര്‍ സഹ പ്രവര്‍ത്തകരോടൊപ്പം ലീഗില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഇരുവരും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് നേതൃത്വം അണികളുമായി ബന്ധമില്ലാത്തവരാണ്. സംഘടന തിരഞ്ഞെടുപ്പിന്റെ മറവില്‍ സമ്പന്നരേയും മണല്‍ മാഫിയ തലവന്‍മാരേയും നേതൃത്വത്തില്‍ തിരുകി കയറ്റുകയാണ്. പ്രവര്‍ത്തന പാരമ്പര്യമുള്ള പഴയ കാല നേതാക്കളെ മൂലക്കിരുത്തി സമ്പന്നര്‍ നേതൃത്വം കൈയ്യടക്കുന്നതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നത്. അഞ്ചിന് വൈകീട്ട് നാലുമണിക് കുമ്പളയില്‍ നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. തങ്ങള്‍ക്കൊപ്പം വിവിധ ഭാഗങ്ങളില്‍ നിന്ന് 250ഓളം പ്രവര്‍ത്തകര്‍ ഉണ്ടെന്നും അബ്ദുല്ലക്കുഞ്ഞി അവകാശപ്പെട്ടു. ലീഗ് പൈവളിഗെ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.എ.ഉമ്പു., മംഗല്‍പ്പാടി പഞ്ചായത്ത് ലീഗ് കൗണ്‍സിലര്‍ മുഹമ്മദ് ചിത്തൂര്‍, മുസ്തഫ ഉപ്പള, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സി പി .എമ്മില്‍ ചേരുന്നതെന്നും അബ്ദുല്ല കുഞ്ഞി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ കെ.എസ്.ഖാലിദ്, ബി.പി.അബ്ദുല്ല, എം.കെ.അമീന്‍ എന്നിവരും സംബന്ധിച്ചു.
എന്നാൽ ലീഗ് വിട്ട് സി.പി.എമ്മില്‍ പോകാനൊരുങ്ങുന്ന കെ.കെ. അബുല്ല കുഞ്ഞിയെ 2017 ഫെബ്രുവരി 28ന് ചേര്‍ന്ന മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടയാളെന്നാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നൽകുന്ന വിശതീകരണം. ലീഗിനകത്തെ ഈ പടലപ്പിണക്കം ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
