മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; കോടതി ചെലവ് നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍, അങ്ങിനെയെങ്കില്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് കെ. സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; കോടതി ചെലവ് നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍, അങ്ങിനെയെങ്കില്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ കെ.സുരേന്ദ്രനിൽ നിന്ന് കോടതി ചെലവ് ഈടാക്കി നൽകണം എന്ന് അബ്ദുൾ റസാഖിന്‍റെ അഭിഭാഷകൻ. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍ കോടതി ചെലവ് സുരേന്ദ്രനില്‍ നിന്ന് ആവശ്യപ്പെട്ടത്.എന്നാല്‍ കോടതി ചെലവ് നൽകണം എന്നുണ്ടെങ്കിൽ ഹർജി പിൻവലിക്കാൻ തയ്യാർ അല്ലെന്ന് സുരേന്ദ്രൻ കോടതിയില്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് വാദം കേള്‍ക്കാന്‍ കേസ് ഈ മാസം 15 ലേക്ക് മാറ്റിവച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പി. ബി അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാൽ കേസിലെ സാക്ഷികൾക്ക് സമൻസ് പോലുമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറുകയായിരുന്നു.

കേസ് പിൻവലിക്കാൻ കെ. സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ ആക്ഷേപമുണ്ടങ്കിൽ അറിയിക്കാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കവേയാണ് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍ കോടതി ചെലവ് സുരേന്ദ്രനില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യമുന്നയിച്ചത്.

0Shares