
മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ യു.ഡി.എഫ് ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി കെ.എം.സി.സി ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെ സഹകരണത്തോടെ പ്രത്യേകം സജ്ജീകരിച്ച വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരത്തില്‍ അബുദാബിയില്‍ നിന്നുള്ള ആദ്യ സംഘത്തിന്‍റെ വിമാനം നാട്ടിലെത്തി.

വിമാനതാവളങ്ങളില്‍ നിന്നും നാട്ടിലേക്ക് എത്തിക്കാന്‍ വാഹന സൌകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ, ഇതര സംസ്ഥാനങ്ങളിലുള്ള വോട്ടര്‍മാരെ ട്രെയിന്‍, വാഹനങ്ങള്‍ എന്നിവയിലൂടെ മണ്ഡലത്തിലേക്ക് എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ജയിച്ചുകയറിയത്. അതുകൊണ്ട് തന്നെ ഇക്കുറി എല്ലാവിധ മുന്നൊരുക്കങ്ങളും കൈക്കൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് മുന്നണി. മുസ്ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡന്റായിരുന്ന എം.സി കമറുദ്ദീനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സംസ്ഥാനത്തെ മറ്റ് നാല് മണ്ഡലങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ 21നാണ് മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടക്കുന്നത്.
